വിക്കിലീക്ക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് അറസ്റ്റില്‍

ലണ്ടന്‍: വിക്കിലീക്ക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെ അറസ്റ്റ് ചെയ്തു. ലണ്ടനിലെ ഇക്ക്വഡോര്‍ എംബസിയില്‍നിന്നുമാണ് അറസ്റ്റ്. കോടതിയില്‍ കീഴടങ്ങാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്ട്രേറ്റ് കോടതി അസാന്‍ജിനെതിരെ അറസ്റ്റ് വോറന്റ് പുറപ്പെടുവിച്ചിരുന്നു.

സ്വീഡനില്‍ നിന്നും ലൈംഗികാരോപണത്തെ തുടര്‍ന്ന് ലണ്ടനില്‍ എത്തിയ അസാന്‍ജ് 2012 മുതല്‍ ഇക്ക്വഡോര്‍ എംബസിയില്‍ അഭയം തേടുകയായിരുന്നു. ഈ തീരുമാനം ഇക്ക്വഡോര്‍ സര്‍ക്കാര്‍ പിന്‍വലിച്ചതോടെ മെട്രോപ്പൊലീറ്റന്‍ പൊലീസ് എംബസിയില്‍ കടന്ന് അസാന്‍ജിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. മധ്യലണ്ടനിലെ പൊലീസ് സ്റ്റേഷനിലേക്കാണ് അസാന്‍ജിനെ കൊണ്ടുപോയത്. പിന്നീട് കോടതിയില്‍ ഹാജരാക്കും.

അമേരിക്കന്‍ നയതന്ത്ര രേഖകള്‍ ചോര്‍ത്തിയെന്ന് ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് യുഎസ് വിട്ട അസാന്‍ജ് പിന്നീട് ലണ്ടനില്‍ എത്തുകയായിരുന്നു.
2010ല്‍ അമേരിക്കയുടെ പ്രതിരോധ രഹസ്യ രേഖകള്‍ അടക്കം അന്താരാഷ്ട്ര തലത്തില്‍ കോളിളക്കമുണ്ടാക്കിയ നിരവധി വിവരങ്ങള്‍ പുറത്തു കൊണ്ടുവന്നതിലൂടെയാണ് ജൂലിയന്‍ അസാന്‍ജെ ശ്രദ്ധേയനായത്. 2006ല്‍ ആരംഭിച്ച വിക്കിലീക്സ് പലതവണ നിരോധിക്കപ്പെട്ടു. അമേരിക്ക ഉള്‍പ്പെടെ നിരവധി രാജ്യങ്ങളുടെ നോട്ടപ്പുള്ളിയായിരുന്നു അസാന്‍ജെ.