തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ട് വിവാദത്തില്‍ പ്രതിപക്ഷത്തിന്റെ ആരോപണം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ നേതാവിന്റേത് നാടിന് വിരുദ്ധമായ നിലപാടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാടിനെ പറ്റി താല്പര്യമുള്ളവർ കനേഡിയൻ പെൻഷൻ ഫണ്ടിനെ ആക്ഷേപിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
2150 കോടിയുടെ മസാല ബോണ്ട് ആര് വാങ്ങിയെന്ന് വെളിപ്പെടുത്തണമെന്ന് ചെന്നിത്തല പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
എസ്.എൻ.സി ലാവ്‌ലിൻ കമ്പനിക്ക് സി.ഡി.പി.ക്യു.വുമായി ബന്ധമില്ലെന്ന ധനമന്ത്രി തോമസ് ഐസക്കിന്‍റെ നിലപാട് പൊളിഞ്ഞു. ലാവ്‌ലിന്‍റെ രക്ഷയ്‌ക്കെത്തിയത് സി.ഡി.പി.ക്യുവാണ്. കരിമ്പട്ടികയിൽ പെടുത്തണമെന്ന് മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ എഴുതിക്കൊടുത്ത കമ്പനിയാണ് കിഫ്ബി മസാല ബോണ്ട് വാങ്ങിച്ചിരിക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
അതേസമയം, വിവാദങ്ങള്‍ക്കിടയിലും കിഫ്ബി പുറത്തിറക്കിയ മസാല ബോണ്ടിന് രാജ്യാന്തര ഓഹരി വിപണിയില്‍ വന്‍ സ്വീകരണമാണ് ലഭിച്ചത്. ബോണ്ടിന്‍റെ വിപണോദ്ഘാടനം പൊതുപരിപാടിയാക്കാനും മുഖ്യമന്ത്രിയെ ക്ഷണിക്കാനും ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ച് തീരുമാനിച്ചു.