വാഷിങ്ടണ്‍: ഉപഗ്രഹ മിസൈല്‍ പരീക്ഷണത്തില്‍ ഇന്ത്യയ്ക്കനുകൂലമായി അമേരിക്ക.ഇന്ത്യ ബഹിരാകാശത്ത് നടത്തിയ പരീക്ഷണം ഭയാനകമായ നടപടിയാണെന്നും ഇതുമൂലം ഉണ്ടായ അവശിഷ്ടങ്ങള്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് അപകടകരമായ സാഹചര്യം സൃഷ്ടിക്കുമെന്നും അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഇന്ത്യ നടത്തിയ മിസൈല്‍ പരീക്ഷണത്തെ തുടര്‍ന്ന് ബഹിരാകാശത്തുണ്ടായ വസ്തുക്കള്‍ ബഹിരാകാശ യാത്രികര്‍ക്കും ബഹിരാകാശ നിലയത്തിനും സുരക്ഷാ പ്രശ്നം ഉണ്ടാക്കുമോ എന്ന് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് ഗാരറ്റ് മാര്‍ക്വിസ് പറഞ്ഞു. മാലിന്യങ്ങള്‍ മൂലം ബഹിരാകാശത്തുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതിന് എല്ലാ രാജ്യങ്ങളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കും. ബഹിരാകാശ പദ്ധതികളില്‍ അമേരിക്ക ഇന്ത്യയുമായി ചേര്‍ന്ന് തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും വക്താവ് വ്യക്തമാക്കി.