മതനിരപേക്ഷ സർക്കാരിനോടുള്ള പ്രതിബദ്ധത അചഞ്ചലം: യെച്ചൂരി

ഇടതുപക്ഷത്തിനെതിരായ രാഹുൽ ഗാന്ധിയുടെ മത്സരം കേന്ദ്രത്തിൽ മതനിരപേക്ഷ സർക്കാരിനുള്ള ഇടതുപക്ഷ പ്രതിബദ്ധതയ‌്ക്ക‌് തടസ്സമാകില്ലെന്ന‌് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. എന്നാൽ, കോൺഗ്രസിന്റെ മുഖ്യശത്രു ബിജെപിയാണോ ഇടതുപക്ഷമാണോയെന്ന‌് വ്യക്തമാക്കേണ്ടത‌് അവരാണെന്നും എറണാകുളം പ്രസ‌്ക്ലബ്ബിൽ സംഘടിപ്പിച്ച വോട്ടും വാക്കും–- മീറ്റ‌് ദ പ്രസിൽ അദ്ദേഹം പറഞ്ഞു.

ബിജെപി അവരുടെ പ്രത്യയശാസ‌്ത്ര ശത്രുവായി കാണുന്നത‌് ഇടതുപക്ഷത്തെയാണ‌്. അത‌ു പക്ഷെ, കോൺഗ്രസ‌് കാണുന്നില്ല. മതനിരപേക്ഷ സർക്കാരിന്റെ സ്വഭാവം തെരഞ്ഞെടുപ്പിന‌ു ശേഷമേ രൂപപ്പെടൂ. കോൺഗ്രസ‌് പുറത്തിറക്കിയ തെരഞ്ഞെടുപ്പ‌് പ്രകടനപത്രയിലെ പല നിർദേശങ്ങൾക്ക‌ും മൂർത്തരൂപമില്ല. എങ്ങനെ നടപ്പാക്കുമെന്ന‌് വ്യക്തതയില്ല. എന്നാൽ, സിപിഐ എം പ്രകടനപത്രിക വ്യക്തമാണ‌്. ഇന്ത്യയിൽ ഒരു ശതമാനമാണ‌് 73 ശതമാനം സ്വത്തും നിയന്ത്രിക്കുന്നത‌്.
സ്വത്ത‌് സമ്പാദനത്തിന‌് ഇന്ത്യയിൽ കരമില്ല. പാരമ്പര്യ സ്വത്തുക്കളുടെ കൈമാറ്റത്തിനും കരമില്ല. അമേരിക്കയിലടക്കം മറ്റെല്ലാ രാജ്യങ്ങളിലും ഇവയുണ്ട‌്. മറ്റുള്ള സാമൂഹികസുരക്ഷാ പദ്ധതികളൊക്കെ എടുത്തുകളഞ്ഞാണ‌് കുറഞ്ഞ സ്ഥിരവരുമാന പദ്ധതിയായ ന്യായ‌് പ്രഖ്യാപിച്ചത‌്. അതിനെയാണ‌് ഞങ്ങൾ എതിർക്കുന്നത‌്. അതിസമ്പന്ന വിഭാഗങ്ങളിൽനിന്ന‌് രണ്ടു ശതമാനം നികുതി പിരിച്ചാൽ ബാക്കിയുള്ളവരുടെ സാമൂഹികസുരക്ഷയ‌്ക്ക‌് അതു മതിയാകും. അതാണ‌് ഞങ്ങൾ പ്രഖ്യാപിച്ച 18,000 രൂപയുടെ സ്ഥിരവരുമാന പദ്ധതി.

© 2024 Live Kerala News. All Rights Reserved.