മോദി ജനങ്ങളുടെ കാവല്‍ക്കാരനല്ലെന്നും ധനികരുടെയും അഴിമതിക്കാരുടെയും കാവല്‍ക്കാരനാണെന്ന് ആഞ്ഞടിച്ച് മമതാ ബാനര്‍ജി

ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളുടെ കാവല്‍ക്കാരനല്ലെന്നും ധനികരുടെയും അഴിമതിക്കാരുടെയും കാവല്‍ക്കാരനാണെന്നും ആഞ്ഞടിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്ത്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളെ മോദി ഭീഷണിപ്പെടുത്തുകയാണെന്നും മോദിയുടെ ഭരണത്തില്‍ നിരവധി കര്‍ഷകര്‍ ആത്മഹത്യ ചെയ്‌തെന്നും വിശാഖപട്ടണത്ത് തെലുങ്കുദേശം പാര്‍ട്ടി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ മമത പറഞ്ഞു.

ഈ ഗവണ്‍മെന്റിന്റെ ഭരണത്തില്‍ നിരവധി കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. അതോടൊപ്പം തൊഴിലില്ലായ്മ വര്‍ധിച്ചു. നിലവില്‍ മാധ്യമങ്ങളെപ്പോലും അദ്ദേഹം പരിഗണിക്കുന്നില്ല. ഇതുവരെ ഒരു പത്രസമ്മേളനത്തെപ്പോലും മോദി അഭിമുഖീകരിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. മാത്രമല്ല പ്രതിപക്ഷ കക്ഷികളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആരാണെന്ന് ചോദിക്കാന്‍ മോദി ആരാണെന്നും മമത തിരിച്ചുചോദിക്കുകയുണ്ടായി. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെക്കുറിച്ച് മോദി ആശങ്കപ്പെടേണ്ടെന്നും ജനങ്ങള്‍ക്കുവേണ്ടി എന്തെല്ലാം ചെയ്യണമെന്നും നേതാവിനെ തിരഞ്ഞെടുക്കേണ്ടത് എങ്ങനെയെന്നും തങ്ങള്‍ക്കറിയാമെന്നും മമത പറഞ്ഞു. വിശാഖപട്ടണത്തെ റാലിയില്‍ പങ്കെടുത്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പ്രധാനമന്ത്രിക്കെതിരേ രൂക്ഷവിമര്‍ശനമുന്നയിച്ചു.

മോദിയും അമിത് ഷായും വിജയിച്ചാല്‍ അവര്‍ രാജ്യത്തിന്റെ ഭരണഘടനയെത്തന്നെ മാറ്റുമെന്നും ബി.ജെ.പി.യെ ക്യാന്‍സറിനോട് ഉപമിച്ച അദ്ദേഹം അത് ശരീരം മുഴുവന്‍ നശിപ്പിക്കുമെന്നും അതിനാല്‍ ബി.ജെ.പി.യെ പരാജയപ്പെടുത്തുകയാണ് നമ്മുടെ പ്രഥമ ദൗത്യമെന്നും കെജ്രിവാള്‍ വ്യക്തമാക്കി. പ്രതിപക്ഷ ഐക്യത്തിന്റെ ഭാഗമായാണ് മമതാ ബാനര്‍ജിയും അരവിന്ദ് കെജ്രിവാളും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനൊപ്പം വിശാഖപട്ടണത്തെ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്തത്. കൂടാതെ, വിശാഖപട്ടണം പ്രിയദര്‍ശിനി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ നിരവധി തെലുങ്കുദേശം പാര്‍ട്ടി പ്രവര്‍ത്തകരും പങ്കെടുത്തു.

© 2024 Live Kerala News. All Rights Reserved.