കിഫ‌്ബിയിൽ വിദേശത്തുനിന്ന‌് 2150 കോടി; മുഖ്യ നിക്ഷേപകർ ക്യാനഡ പെൻഷൻ പ്ലാൻ ഇൻവെസ‌്റ്റ‌്മെന്റ‌് ബോർഡ്

തിരുവനന്തപുരം
കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ചാലകശക്തിയായ കിഫ‌്ബിയിൽ 2150 കോടിയുടെ വിദേശ നിക്ഷേപം. മസാല ബോണ്ട‌് (ഇന്ത്യൻ രൂപയിലുള്ള കടപ്പത്രം) വഴിയാണ‌് വിദേശ നിക്ഷേപകരിൽനിന്ന‌് കിഫ‌്ബി ധനം സമാഹരിച്ചത‌്. ഈ തുക അക്കൗണ്ടിൽ വെള്ളിയാഴ‌്ച വൈകിട്ടോടെ എത്തി. ഇതോടെ കിഫ‌്ബിയുടെ കൈവശമുള്ള പണം 9927 കോടി രൂപയായി ഉയർന്നു. പദ്ധതികൾക്ക‌് ധനസമാഹരണത്തിനുള്ള വിവിധ ശ്രമങ്ങൾക്ക‌് ആവേശം പകരുന്നതാണ‌് മസാല ബോണ്ടിന‌് ലഭിച്ച സ്വീകാര്യത. ഒപ്പം മറ്റ‌് മേഖലകളിലും കൂടുതൽ വിദേശനിക്ഷേപം കേരളത്തിലേക്ക‌് ഒഴുകിയെത്തും.

രാജ്യത്ത‌് ആദ്യമായാണ‌് സംസ്ഥാനത്തിന്റെ വികസനാവശ്യത്തിന‌് മസാല ബോണ്ടുവഴി ധനശേഖരണം നടത്തുന്നത‌്. ബജറ്റിന‌് പുറത്ത‌് വികസനപ്രവർത്തനങ്ങൾക്ക‌് ധനശേഖരണം നടത്താനുള്ള എൽഡിഎഫ‌് സർക്കാരിന്റെ ശ്രമങ്ങൾക്ക‌് അന്താരാഷ‌്ട്രതലത്തിൽ അംഗീകാരം നേടാനാകുന്നുവെന്നതിന്റെ തെളിവായി മസാല ബോണ്ട‌് മാറി.

നിക്ഷേപകരുടെ താൽപ്പര്യം മാനിച്ച‌് അന്താരാഷ‌്ട്ര ഓഹരി വിപണിയിൽ ഏപ്രിൽ ആദ്യവാരം മസാല ബോണ്ട‌് വീണ്ടും വിൽപ്പനയ‌്ക്ക‌് വയ‌്ക്കും. ഇതുവഴി മൊത്തം 2650 കോടി സമാഹരിക്കാനാണ‌് ലക്ഷ്യം. റിസർവ‌് ബാങ്ക‌് അനുമതി നൽകിയത‌് 2672 കോടി രൂപക്കാണ‌്. കിഫ‌്ബിയുടെ പ്രവർത്തനമികവിനും വിശ്വാസ്യതയ‌്ക്കുമുള്ള അംഗീകാരമാണ‌് ഈ ഇടപാട‌്.

കിഫ‌്ബി പദ്ധതികൾക്ക‌് വിവിധ അന്താരാഷ‌്ട്ര ഏജൻസികൾ നൽകിയ മികച്ച ക്രെഡിറ്റ‌് റേറ്റിങ്ങിന്റെഅടിസ്ഥാനത്തിലാണ‌് ലണ്ടൻ, സിംഗപ്പൂർ സ‌്റ്റോക്ക‌് എക‌്സ‌്ചേഞ്ചുകളിൽ മാർച്ച‌് 26ന‌് കടപ്പത്രം വിൽപ്പനയ‌്ക്ക‌് വച്ചത‌്. 29ന‌് വിൽപ്പന അവസാനിപ്പിച്ചപ്പോൾ 2150 കോടി രൂപയുടെ കടപ്പത്രങ്ങൾ വിറ്റുപോയി. രണ്ടുകോടി അംഗങ്ങളുള്ള ക്യാനഡ പെൻഷൻ പ്ലാൻ ഇൻവെസ‌്റ്റ‌്മെന്റ‌് ബോർഡാണ‌് മുഖ്യ നിക്ഷേപകർ.

രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഏറ്റവും വലിയ രണ്ടാമത്തെ മസാല ബോണ്ട‌് ഇടപാടാണിത‌്. ഒപ്പം, 2016ൽ റിസർവ‌് ബാങ്ക‌് മസാല ബോണ്ടിന‌് അംഗീകാരം നൽകിയശേഷമുള്ള ഏറ്റവും വലിയ മൂന്നാമത്തെ ധനസമാഹരണവും. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ അഭ്യന്തര വിപണിയിൽനിന്ന‌് കടമെടുത്തതിനേക്കാൾ കുറഞ്ഞ പലിശ നിരക്കിലാണ‌് കിഫ‌്ബി അന്താരാഷ‌്ട്ര വിപണിയിൽനിന്ന‌് ധനം സമാഹരിച്ചത‌്. 15 മാസമായി സർക്കാരും ധനവകുപ്പും നടത്തിയ കഠിനപ്രയത്നത്തിന്റെ വിജയമാണിത‌്. കഴിഞ്ഞവർഷം മേയിലാണ‌് വിദേശവിപണിയിൽ കടപ്പത്രം പുറത്തിറക്കാൻ അനുമതിക്കായി റിസർവ‌് ബാങ്കിനെ സമീപിച്ചത‌്.
തൊട്ടടുത്തമാസം ആർബിഐ അനുമതി നൽകി. പിന്നീട‌് ക്രെഡിറ്റ‌് റേറ്റിങ്ങിനായി വിവിധ അന്താരാഷ‌്ട്ര ഏജൻസികളുമായി ചർച്ച നടത്തി. റേറ്റിങ‌് ലഭിച്ചതിനു പിന്നാലെ സെപ്തംബറിൽ ലണ്ടൻ, സംഗപ്പൂർ സ‌്റ്റോക്ക‌് എക‌്സ‌്ചേഞ്ചുകളിൽ ലിസ‌്റ്റുചെയ്തു.

കടപ്പത്രം വാങ്ങാൻ താൽപ്പര്യമുള്ള വിദേശ നിക്ഷേപകരുടെ പ്രതിനിധികൾ കിഫ‌്ബി ഉദ്യോഗസ്ഥരുമായും ധനമന്ത്രി ടി എം തോമസ‌് ഐസക്കുമായും ചർച്ച നടത്തി.

© 2024 Live Kerala News. All Rights Reserved.