പ്രളയത്തിൽ തകർന്ന വീടുകളുടെ പുനർനിർമാണം ഏപ്രിലിൽ പൂർത്തിയാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം> പ്രളയത്തിൽ പൂർണമായും തകർന്ന വീടുകളുടെ നിർമാണം ഏപ്രിലിൽ പൂർത്തിയാക്കുമെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭാഗികമായി തകർന്ന മുഴുവൻ വീടുകൾക്കുമുള്ള ധനസഹായത്തിന്റെ എല്ലാ ഗഡുവും ഫെബ്രുവരി 15നകം നൽകും. പ്രളയദുരന്തത്തിൽ കൃഷിനാശം നേരിട്ട കർഷകരുടെ കടം എഴുതിതള്ളുന്നതടക്കമുള്ള കാര്യങ്ങൾ സർക്കാർ പരിശോധിച്ച് വരികയാണ‌്. ദുരിത ബാധിതരെ സഹായിക്കാൻ സൂക്ഷ്മ പദ്ധതികൾ തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിൽ ഗവർണറുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മഖ്യമന്ത്രി.

പ്രളയത്തിൽ 13,362 വീടുകളാണ‌് പൂർണമായും തകർന്നത‌്. ഇവയുടെ നിർമാണമാണ‌് ഏപ്രിലിൽ പൂർത്തിയാക്കുക. ഇതിൽ 2000 വീടുകൾ സഹകരണ സ്ഥാപനങ്ങൾ കെയർഹോം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ‌് നിർമ്മിക്കുന്നത്. ഭാഗികമായി തകർന്ന വീടുകളുടെ പുനർനിർമാണത്തിന‌് വിവിധ ഗഡുക്കളായാണ‌് പണം നൽകാൻ തീരുമാനിച്ചത‌്. അവ ഫെബ്രുവരി 15 നുള്ളിൽ നൽകി തീർക്കും. ദുരിതബാധിതരെ സാധാരണ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരികയാണ് സർക്കാരിന്റെ ലക്ഷ്യം. രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ട മത്സ്യതൊഴിലാളികളുടെ ബോട്ടുകളുടെയും മറ്റ് ഉപകരണങ്ങളുടെയും അറ്റകുറ്റ പണികൾക്ക് ആവശ്യമായ തുക അനുവദിച്ചിട്ടുണ്ട്. അവരുടെ ഇന്ധനചിലവും നൽകികഴിഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക‌് സാലറി ചലഞ്ച‌് ഉൾപ്പെടെ ഇതുവരെ 3242.69 കോടിരൂപയാണ‌് ലഭിച്ചത‌്. ഇതിൽ വീടുനിർമാണത്തിന‌് മാത്രം 1357.78 കോടിരൂപ ചെലവഴിക്കും. എന്നാൽ സ‌്റ്റേറ്റ‌് ഡിസാസ‌്റ്റർ റിലീഫ‌് ഫണ്ടിൽ ആവശ്യത്തിന‌് പണമില്ല. അതിനാൽ ബാധ്യതകൾ തീർക്കാനാവുന്നില്ല. ഓഖി ദുരന്തവുമായി ബന്ധപ്പെട്ട‌് പ്രതിപക്ഷം നുണ ആവർത്തിക്കുകയാണ‌്. ഓഖിയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 108.34 കോടി രൂപയാണ് ലഭിച്ചത്. അഞ്ചു ഘട്ടങ്ങളിലായ 110.84 കോടി ധനസഹായമായി വിതരണം ചെയ്തു. പ്രവാസി ചിട്ടിയിലൂടെ ഇതുവരെ 160 കോടിയാണ് സമാഹരിച്ചത്. യുഎഇയിൽ മാത്രമാണ് ഇപ്പോൾ ചിട്ടി തുടങ്ങിയത്. മറ്റ‌് ജ്യങ്ങളിലേക്കും ഇത് വ്യാപിപ്പിക്കുന്നതോടെ കേരളത്തിന്റെ വലിയ സാമ്പത്തിക സ്രോതസ്സായി പ്രവാസി ചിട്ടി മാറും.

ഹരിത കേരളം മിഷന്റെ ഭാഗമായി 17,182 കിലോമീറ്റർ തോട‌് നവീകരിച്ചു. 48,936 കിണറുകൾ റീചാർജ‌് ചെയ‌്തു. ആർദ്രം പദ്ധതിയുടെ ഭാഗമായി 170 പിഎച്ച‌്സികൾ കുടംബാരോഗ്യ കേന്ദ്രങ്ങളായി. മൂന്ന് ഭാഗമായി നടപ്പാക്കുന്ന ലൈഫ് പദ്ധതിയിൽ 50,000 വീടുകൾ പൂർത്തിയാക്കി. രണ്ടാംഘട്ടമായ ഭൂമിയുള്ള ഭവനരഹിതരുടെ വീടുകളുടെ നിർമാണം തുടങ്ങി. മൂന്നാംഘട്ടമായ ഭൂരഹിത ഭവന രഹിതർക്ക‌് എല്ലാ ജില്ലകളിലും ഈ വർഷം ഒരു ഭവന സമുഛയമെങ്കിലും നിർമിക്കും. അടുത്ത രണ്ട‌് വർഷംകൊണ്ട‌് ഈ വിഭാഗത്തിൽപെട്ട എല്ലാവർക്കും വീടുനൽകും. 45,000 ക്ലാസ‌് മുറികൾ ഹൈടെക്കായി. രണ്ടര ലക്ഷം വിദ്യാർഥികളാണ‌് പുതുതായി പൊതു വിദ്യാലയങ്ങളിൽ എത്തിയത‌്.

കഴിഞ്ഞ രണ്ട് വർഷങ്ങളിലും സർക്കാരിന്റെ പ്രവർത്തനം സംബന്ധിച്ച പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിച്ചിരുന്നു. മൂന്നാം വർഷവും ഇതുണ്ടാവും.സർക്കാർ കാലാവധി പൂർത്തിയാക്കുമ്പോൾ നേരത്തെ പറഞ്ഞിട്ടുള്ള എല്ലാ കാര്യങ്ങളും ചെയ്തിരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

© 2024 Live Kerala News. All Rights Reserved.