യുഡിഎഫ് സെക്രട്ടറിയേറ്റ് ഉപരോധം ബുധനാഴ്ച; ജില്ലകളിൽ നേതാക്കൾ അറസ്റ്റ് വരിക്കും

യുഡിഎഫ് സെക്രട്ടറിയേറ്റ് ഉപരോധം ബുധനാഴ്ച; ജില്ലകളിൽ നേതാക്കൾ അറസ്റ്റ് വരിക്കും
പ്രളയാനന്തര ഭരണസ്തംഭനം, ക്രമസമാധാനത്തകര്‍ച്ച, വിശ്വാസികളോടുള്ള വഞ്ചന എന്നിവയില്‍ പ്രതിഷേധിച്ച് യുഡിഎഫ് നടത്തുന്ന സെക്രട്ടറിയേറ്റ് ഉപരോധം ബുധനാഴ്ച. സംസ്ഥാനത്തെ മുഴുവന്‍ കളക്ടറേറ്റുകളും തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റും ഉപരോധിച്ച് പ്രവര്‍ത്തകര്‍ അറസ്റ്റ് വരിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ അറിയിച്ചു. തിരുവനന്തപുരത്ത് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലാണ് സെക്രട്ടേറിയറ്റ് ഉപരോധം.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന ഉപരോധത്തില്‍ യുഡിഎഫിലെ വിവിധ നേതാക്കള്‍ പങ്കെടുത്ത് അറസ്റ്റ് വരിക്കും. കോഴിക്കോട് കളക്‌ട്രേറ്റ് ധര്‍ണ്ണ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും വയനാട് മുസ്ലീംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍ എംപിയും മലപ്പുറത്ത് മുസ്ലീംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപിയും, കണ്ണൂരില്‍ കേരള കോണ്‍ഗ്രസ് (എം) വിഭാഗം വര്‍ക്കിംഗ് ചെയര്‍മാന്‍ പിജെ ജോസഫും കാസര്‍ഗോഡ് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെസുധാകരനും കളക്‌ട്രേറ്റ് ഉപരോധം നടത്തും.

എറണാകുളത്ത് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആലപ്പുഴ കളക്‌ട്രേറ്റ് ഉപരോധം മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഉദ്ഘാടനം ചെയ്യും. തൃശ്ശൂരില്‍ ക്യാമ്പയില്‍ കമ്മിറ്റി ചെയര്‍മാന്‍ കെ മുരളീധരനും പാലക്കാട് നിയമസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ ഡോ. എംകെ മുനീറും ഇടുക്കിയില്‍ കേരളാ കോണ്‍ഗ്രസ് (ജേക്കബ്) വിഭാഗം ചെയര്‍മാന്‍ ജോണി നെല്ലൂരും, കൊല്ലത്തെ ഉപരോധം ആര്‍എസ്പി നേതാവ് എന്‍കെ പ്രേമചന്ദ്രനും ഉദ്ഘാടനം ചെയ്യും.

© 2024 Live Kerala News. All Rights Reserved.