വോട്ടിംഗ് യന്ത്രങ്ങള്‍ സുരക്ഷിതം; തിരിമറി നടത്താന്‍ സാധിക്കില്ല: തെരഞ്ഞെടുപ്പ് കമ്മിഷന്‍

ന്യൂഡല്‍ഹി: ഇ.വി.എം വോട്ടിംഗ് യന്ത്രങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ പ്രതികരിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍ രംഗത്ത്. വോട്ടിംഗ് യന്ത്രങ്ങള്‍ സുരക്ഷിതമാണെന്നും യാതൊരു തരത്തിലുമുള്ള തിരിമറി നടത്താന്‍ സാധിക്കില്ലെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി.വോട്ടിംഗ് യന്ത്രത്തില്‍ വയര്‍ലെസ് ആശയ വിനിമയത്തിലൂടെ ഒരു വിവരവും എത്തിക്കാനാവില്ലെന്ന് സങ്കേതിക വിദഗ്ദ്ധന്‍ ഡോ.രജത് മൂന പറഞ്ഞു.

അതേസമയം, 2019ലെ പൊതു തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കവെ പുറത്തുവന്ന ആരോപണങ്ങളില്‍ ഞെട്ടിയിരിക്കുകയാണ് രാജ്യം. എന്നാല്‍ സയിദ് ഷുജ എന്ന ഹാക്കറിന്റെ വെളിപ്പെടുത്തലിന്റെ സത്യാവസ്ഥ ഇനിയും പുറത്തുവന്നിട്ടില്ല.

2014ലെ പൊതു തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ അട്ടിമറിച്ചിട്ടുണ്ടെന്നാണ് അമേരിക്കന്‍ ഹാക്കറുടെ വെളിപ്പെടുത്തല്‍. ബി.ജെ.പി വന്‍ജയം നേടിയ ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ക്ക് പുറമെ ഉത്തര്‍പ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പുകളിലും അട്ടിമറി നടന്നതായും അമേരിക്കന്‍ ഹാക്കര്‍ ലണ്ടനില്‍ നടത്തിയ ഹാക്കത്തണില്‍ വെളിപ്പെടുത്തി.

2014ല്‍ ബി.ജെ.പി വിജയിച്ച് നരേന്ദ്ര മോദിയെ പ്രധാനമന്ത്രി അവരോധിക്കപ്പെട്ട പൊതുതിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നും അന്ന് കോണ്‍ഗ്രസിന് 201 സീറ്റ് നഷ്ടമായെന്നും വെളിപ്പെടുത്തലില്‍ പറയുന്നു.

© 2024 Live Kerala News. All Rights Reserved.