മകരവിളക്ക‌് ഇന്ന‌്; ലക്ഷങ്ങളെത്തി

ശബരിമല> ശബരിമലയിൽ മകരവിളക്ക‌് ദർശനം തിങ്കളാഴ‌്ച നടക്കും. ലക്ഷക്കണക്കിന‌് തീർഥാടകരാണ‌് ഇതിനായി ശബരിമലയിൽ എത്തിയത‌്. പരാതിക്കിടയില്ലാത്തവിധം മകരവിളക്ക‌് ദർശനം സുഗമമാക്കാനുള്ള എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായി.തിരുവാഭരണ ഘോഷയാത്ര സന്നിധാനത്ത‌് എത്തിയതിനു പിന്നാലെയാണ‌് മകരവിളക്ക‌്. മകരവിളക്കിനോടനുബന്ധിച്ച‌് പൊലീസ‌് ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കി.

ഐജി ബൽറാംകുമാർ ഉപാധ്യായയുടെ നേതൃത്വത്തിൽ മൂന്ന‌് എസ‌്പിമാർക്കാണ‌് സുരക്ഷാചുമതല. ത്രിതല സുരക്ഷാ സംവിധാനങ്ങളാണ‌് പൊലീസ‌് ഒരുക്കിയിട്ടുള്ളത‌്.

പന്തളത്തുനിന്നു പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര വൈകിട്ട‌് ആറോടെ സന്നിധാനത്ത‌് എത്തും. പതിനെട്ടാം പടിക്കു മുകളിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ തിരുവാഭരണം സ്വീകരിക്കും. തുടർന്ന‌് 6.30 ന‌് ദീപാരാധനയും മകരവിളക്കും. സന്നിധാനത്ത‌് ഒമ്പതു കേന്ദ്രങ്ങളിലാണ‌് മകരവിളക്ക‌് കാണാൻ സൗകര്യം ഒരുക്കിയിട്ടുള്ളത‌്. ഈ സ്ഥലങ്ങളിൽ തീർഥാടക തിരക്കേറി.

ഇവർക്ക‌് കുടിവെള്ളം, ഔഷധ വെള്ളം, ബിസ്‌കറ്റ് എന്നിവ നൽകാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഞായറാഴ‌്ച മാത്രം ഒരുലക്ഷത്തിലേറെപ്പേർ എത്തി. ഇവരിൽ ഭൂരിഭാഗവും മകരവിളക്ക‌് കാണാൻ വിവിധ ഭാഗങ്ങളിൽ താമസിക്കുന്നു. 19 വരെ ദർശന സൗകര്യമുണ്ടാകും.
20 ന‌് ക്ഷേത്ര ചടങ്ങുകളോടെ നടയടയ‌്ക്കും. മാസപൂജയ‌്ക്ക‌് ഫെബ്രുവരി 12 ന‌് വീണ്ടും നടതുറക്കും.

© 2024 Live Kerala News. All Rights Reserved.