കേരളത്തിന്റെ പുനർനിർമാണം : നൂതന ആശയങ്ങൾ ഉൾപ്പെടുത്തും: മുഖ്യമന്ത്രി

തിരുവനന്തപുരം
കേരളത്തിന്റെ പുനർനിർമാണത്തിൽ സർക്കാർ സമാഹരിക്കുന്ന നൂതന ആശയങ്ങൾ ഉൾപ്പെടുത്തുമെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലോകത്തിന്റെ വിവിധയിടങ്ങളിൽ നിന്നുള്ളവരുടെ വിദഗ്ധാഭിപ്രായം സ്വീകരിക്കും. സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലുമായി സഹകരിച്ച‌് ജനാവിഷ‌്കാര പീപ്പിൾസ‌് വെൽഫെയർ പോർട്ടൽ സംഘടിപ്പിക്കുന്ന ത്രിദിന സമ്മേളനത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

പ്രളയത്തിൽ തകർന്ന വീടുകളും പാലങ്ങളും റോഡുകളും ഈ സാമ്പത്തിക വർഷം അവസാനിക്കുന്നതിന് മുമ്പ് പുനർനിർമിക്കും. മഴയുടെയും വെള്ളപ്പൊക്കത്തിന്റെയും ആഘാതം സംബന്ധിച്ച് വിവരങ്ങൾ ഡിജിറ്റലായി ശേഖരിച്ചിട്ടുണ്ട‌്. ജലം അമൂല്യമാണെന്ന് തിരിച്ചറിഞ്ഞ് അത് മലിനപ്പെടാതിരിക്കാൻ വലിയ ജാഗ്രത പുനർനിർമാണ വേളയിൽ പുലർത്തണം. നെതർലാൻഡ‌്സിന്റെ സഹായം ഈരം​ഗത്ത് സ്വീകരിക്കാൻ ശ്രമം നടക്കുന്നു. വീടുകളുടെ പുനർനിർമാണത്തിൽ പരമ്പരാഗത രീതി മാറ്റി പുതിയ സാധ്യതകൾ വിനിയോഗിക്കണം. നിർമാണ സാമഗ്രികൾ സംബന്ധിച്ച കാഴ‌്ചപ്പാടുകളിലും മാറ്റം വേണം. പ്രകൃതി സമ്പത്തിന്റെ യാഥാർഥ്യബോധത്തോടെയുള്ള വിനിയോഗം ഉറപ്പാക്കണം.

ഉത്തരവാദ ടൂറിസം പദ്ധതി വ്യാപിപ്പിക്കണം. കോഴ്‌സുകളിലും സിലബസിലും കാലാനുസൃതമായ മാറ്റം വരുത്തി കേരളത്തെ ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ ഹബ് ആക്കണം. വൻതോതിലുള്ള സംരംഭകത്വ അവസരവും ലഭ്യമാക്കണം. പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനൊപ്പം അവരുടെ സമ്പത്ത് നാടിന്റെ പുരോഗതിക്കായി എങ്ങനെ പ്രയോജനപ്പെടുത്താമെന്നും പരിശോധിക്കണം. മാലിന്യ നിർമാർജനത്തിനും സംസ്‌കരണത്തിനും കേന്ദ്രീകൃത പദ്ധതികൾ വേണ്ടിവരും. മത്സ്യത്തൊഴിലാളി സമൂഹത്തെ സംരക്ഷിക്കാൻ നടപടി സ്വീകരിക്കണം.

മത്സ്യോൽപാദനവും കയറ്റുമതിയും വർധിപ്പിക്കുന്നതിനുള്ള നടപടികളും ആവശ്യമാണ‌്.–- മുഖ്യമന്ത്രി പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.