ശബരിമലയിൽ 5 ദിവസത്തിൽ 4 ലക്ഷം തീർഥാടകർ

ശബരിമലയിൽ തീർഥാടകരുടെ എണ്ണത്തിൽ അനുദിനം വൻവർധന. കഴിഞ്ഞ അഞ്ച് ദിവസത്തിൽ നാലുലക്ഷം തീർഥാടകരെത്തിയെന്നാണ് കണക്ക്. എഴുപതിനായിരത്തിന് മുകളിൽ ആളുകൾ ദിവസവും എത്തുന്നുണ്ട്. തിങ്കളാഴ്ച മാത്രം എൺപതിനായിരത്തിന് മുകളിൽ തീർഥാടകരെത്തി.

അപ്പം അരവണ വില്പനയോടൊപ്പം നെയ്യഭിഷേകത്തിന്റെ തിരക്കും ഉയർന്നു. പ്രതിദിനം നാൽപതിനായിരത്തോളംപേർ നെയ്യഭിഷേകത്തിനെത്തുന്നുണ്ട്. കഴിഞ്ഞ വർഷത്തേതിന് സമാനമായിട്ടാണ് ഇപ്പോൾ നെയ്യഭിഷേകം നടക്കുന്നതെന്ന് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ പറഞ്ഞു.
തീർഥാടകർക്ക് കൂടുതൽ സൗകര്യം ദേവസ്വം ബോർഡും പൊലീസും ചേർന്ന് ഒരുക്കി.

പുലർച്ചെ മൂന്നു മുതൽ പകൽ 11 വരെയായിരുന്നു നെയ്യഭിഷേകത്തിന്റെ സമയം. ഇത് പകൽ 12 വരെയാക്കി. നെയ്യഭിഷേകം നടത്തേണ്ട ഭക്തർക്ക് വടക്കേ നടയിൽ വിരിവയ്ക്കാൻ പൊലീസ് സൗകര്യം നൽകുന്നുണ്ട്.

ഹൈക്കോടതി നിർദേശപ്രകാരം പകൽ 11 വരെയാണ് വടക്കേ നടയിൽ വിരിവയ്ക്കാൻ സമയം. പിന്നീട് ഭക്തരുടെ അഭ്യർഥന മാനിച്ച് 11.30 വരെയാക്കി. വരും ദിവസങ്ങളിൽ പകൽ 12 വരെ വടക്കേ നടയിൽ വിരിവയ്ക്കാൻ അനുവദിക്കുമെന്ന് പൊലീസ് അറിയിച്ചു. തിരക്കേറും തോറും ശബരിമലയിലെ വരുമാനവും ഉയരുന്നുണ്ട്.

© 2024 Live Kerala News. All Rights Reserved.