ബ്രെക‌്സിറ്റ‌്: യൂറോപ്യൻ യൂണിയന്റെ അംഗീകാരമായി

ബ്രസൽസ‌് > ബ്രെക‌്സിറ്റ‌് കരാറിന‌് യൂറോപ്യൻ യൂണിയന്റെ അംഗീകാരമായി. ബ്രസൽസിൽ നടന്ന യൂറോപ്യൻ യൂണിയൻ പ്രത്യേക ഉച്ചകോടിയിലാണ‌് ബ്രെക‌്സിറ്റ‌് കരാർ അംഗീകരിച്ചത‌്. ബ്രെക‌്സിറ്റ‌് കരാറും ഭാവിയിലെ യൂറോപ്യൻ യൂണിയൻ –-ബ്രിട്ടൻ ബന്ധത്തിന്റെ പ്രഖ്യാപനവും അംഗീകരിച്ചുവെന്ന‌് യൂറോപ്യൻ യൂണിയൻ കൗൺസിൽ പ്രസിഡന്റ‌് ഡോണൾഡ‌് ടസ‌്ക‌് ട്വിറ്ററിൽ അറിയിച്ചു.

യൂറോപ്യൻ യൂണിയനിൽനിന്നും യൂറോപ്യൻ അറ്റോമിക‌് എനർജി വിഭാഗത്തിൽ നിന്നും ബ്രിട്ടനും വടക്കൻ അയർലൻഡും വേർപെടുന്നതിനുള്ള കരാർ അംഗീകരിച്ചെന്ന‌് ഔദ്യോഗികമായി തീരുമാനിച്ചതായി പ്രസ‌്താവനയിൽ പറയുന്നു. 2019 മാർച്ച് 30 ന് കരാർ പ്രാബല്യത്തിൽ വരുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ എല്ലാ യൂറോപ്യൻ യൂണിയൻ സ്ഥാപനങ്ങൾക്കും നിർദേശം നൽകി. മാർച്ച‌് 29ന‌് യൂറോപ്യൻ യൂണിയൻ വിടാനാണ‌് ബ്രിട്ടന്റെ തീരുമാനം. വ്യാപാരവും സുരക്ഷയും പരിസ്ഥിതിയുമുൾപ്പെടെ വിവിധ വിഷയങ്ങളിലുള്ള ഭാവി ബന്ധത്തിന്റെ രാഷ‌്ട്രീയ പ്രഖ്യാപനത്തിനും ഔദ്യോഗിക അംഗീകാരമായി.

ബ്രിട്ടന്റെ വേർപെടൽ ദു:ഖകരമായ സംഭവമാണെന്ന‌് യൂറോപ്യൻ യൂണിയൻ കമീഷണർ ഴോ ക്ലോഡ‌് ജംങ്കർ പ്രതികരിച്ചു.
ബ്രെക‌്സിറ്റ‌് കരാർ യൂറോപ്യൻ യൂണിയൻ അംഗീകരിച്ചെങ്കിലും ബ്രിട്ടീഷ‌് പാർലമെന്റ‌് അംഗങ്ങളുടെ പിന്തുണ നേടിയെടുക്കുകയെന്ന ശ്രമകരമായ ദൗത്യം പ്രധാനമന്ത്രി തെരേസ മേയ‌്ക്ക‌് മുന്നിലുണ്ട‌്. കരാറിൽ പ്രതിഷേധിച്ച‌് നാലു മന്ത്രിമാർ നേരത്തെ രാജിവച്ചിരുന്നു.

© 2023 Live Kerala News. All Rights Reserved.