എം ഐ ഷാനവാസ‌് എംപി അന്തരിച്ചു

വയനാ‌ട‌് എംപിയും കോൺഗ്രസ‌് നേതാവുമായ എം ഐ ഷാനവാസ‌് അന്തരിച്ചു. 67 വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ബുധനാഴ‌്ച പുലർച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം. നവംബർ 2ന‌് കരൾമാറ്റി വയ‌്ക്കൽ ശസ‌്ത്രക്രിയ‌യ‌്ക്ക‌് വിധേയനായിരുന്നു. ഏറെ നാളായി ചികിത്സയിലായിരുന്നു. കെപിസിസി വർക്കിങ‌് പ്രസിഡന്റാണ‌്.

കെഎസ‌്‌യുവിലൂടെ രാഷ‌്ട്രീയ രംഗത്ത‌് പ്രവേശിച്ച അദ്ദേഹം യൂത്ത‌് കോൺഗ്രസ‌് സേവാദൾ എന്നീ സംഘടനകളിൽ നേതൃപരമായ ചുമതലകൾ വഹിച്ചു. 1972ൽ കാലിക്കറ്റ‌് യൂണിവേഴ‌്സിറ്റി യൂണിയൻ ചെയർമാൻ, 1978ൽ യൂത്ത‌് കോൺഗ്രസ‌് വൈസ‌് പ്രസിഡന്റ‌്, 1983ൽ കെപിസിസി ജോയിന്റ‌് സെക്രട്ടറി, 1985ൽ കെപിസിസി വൈസ‌് പ്രസിഡന്റ‌് എന്നീ നിലകൾ വഹിച്ചു.

തിരുവല്ല നീരേറ്റുപുറം മുക്കാട്ടുപറമ്പിൽ എം വി ഇബ്രാഹിം കുട്ടിയുടെയും നൂർജഹാൻ ബീഗത്തിന്റെയും മകനായി 1951 സെപ‌്തംബർ 22ന‌് കോട്ടയത്താണ‌് ഷാനവാസ‌് ജനിച്ചത‌്. ഭാര്യ: ജുബൈരിയത്ത‌് ബീഗം. മക്കൾ: ആമിന, ഹസീബ‌്.