ഗജ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തോട് അടുക്കുന്നു; തമിഴ്‌നാട്ടില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം

ചെന്നൈ: മണിക്കൂറില്‍ നൂറിലേറെ കിലോമീറ്റര്‍ വേഗതയില്‍ ഗജ ചുഴലിക്കാറ്റ് തമിഴ്നാട് തീരത്തോട് അടുക്കുന്നതായി റിപ്പോര്‍ട്ട്. ചെന്നൈയില്‍നിന്നു 300 കിലോമീറ്റര്‍ അകലെ നാഗപട്ടണത്തിനടുത്താണ് ഇപ്പോള്‍ ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നത്. ചുഴലിക്കാറ്റ് മുന്നില്‍ക്കണ്ട് തമിഴ്‌നാട് തീരത്തുനിന്ന് 12,000 പേരെ ഒഴിപ്പിച്ചു. 6000 ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്.

ചുഴലിക്കാറ്റ് തീരം തൊടുന്നതോടെ നാഗപട്ടണം, കടലൂര്‍, തഞ്ചാവൂര്‍, തൂത്തുക്കുടി, പുതുക്കോട്ട എന്നിവിടങ്ങളില്‍ കനത്ത മഴ പെയ്യുമെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. മുന്‍കരുതലെന്ന നിലയില്‍ നാഗപട്ടണത്ത് വൈദ്യുത ബന്ധം വിച്ഛേദിച്ചു. ചെന്നൈയില്‍നിന്നു പുറപ്പെടേണ്ട നിരവധി ട്രെയിനുകള്‍ റദ്ദാക്കി.

ഏത് അടിയന്തരസാഹചര്യവും നേരിടാന്‍ എല്ലാ സംവിധാനങ്ങളും പൂര്‍ണ സജ്ജമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് ഇന്നും സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിരുന്നു. അണ്ണാ സര്‍വകലാശാല വ്യാഴാഴ്ച നടത്താനിരുന്ന പരീക്ഷകളും മാറ്റിവച്ചു.

80 മുതല്‍ 90 കിലോമീറ്റര്‍ വരെ വേഗത്തിലായിരിക്കും തമിഴ്‌നാട്, ആന്ധ്രപ്രദേശ്, പുതുച്ചേരി തീരങ്ങളില്‍ ചുഴലിക്കാറ്റ് ആഞ്ഞടിക്കുക. ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറുന്നതോടെ ബംഗാള്‍ ഉള്‍ക്കടല്‍ പ്രക്ഷുബ്ദം ആകാന്‍ സാധ്യതയുണ്ട്.

© 2024 Live Kerala News. All Rights Reserved.