ശബരിമല: ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതലയോഗം ഇന്ന്

മണ്ഡല – മകരവിളക്ക് തീര്‍ഥാടന കാലത്തെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതലയോഗം ഇന്ന് ചേരും. ദേവസ്വം മന്ത്രി, ചീഫ് സെക്രട്ടറി, ഡിജിപി, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ യോഗത്തില്‍ പങ്കെടുക്കും. സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ വൈകിട്ട് നാല് മണിക്കാണ് യോഗം.

യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള പുനഃപരിശോധന ഹർജികൾ ഇന്ന് സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വരുന്നതിനാൽ കോടതി ഉത്തരവിനനുസരിച്ചായിരിക്കും ചർച്ചയിൽ കാര്യങ്ങൾ തീരുമാനിക്കുക. പുന:പരിശോധനാ ഹര്‍ജി തള്ളിയാല്‍ യുവതികള്‍ക്ക് പ്രവേശനം ഒരുക്കാനുള്ള കൂടുതൽ സൗകര്യം ഏര്‍പ്പെടുത്തുന്നതും യോഗത്തില്‍ ചര്‍ച്ചയാകും.

അതേസമയം, തീര്‍ഥാടന സീസണ്‍ തുടങ്ങാന്‍ മൂന്ന് ദിവസം മാത്രമാണ് ബാക്കിയുള്ളത്. പ്രളയം ഉണ്ടാക്കിയ നഷ്ടങ്ങൾക്ക് ഒപ്പം പുതിയ സജ്ജീകരണങ്ങളും ശബരിമലയിലും പമ്പയിലും ഒരുക്കേണ്ടതുണ്ട്. ഒരുക്കങ്ങള്‍ ഇതുവരെ എങ്ങുമെത്തിയിട്ടില്ലെന്ന ആക്ഷേപവുമായി പ്രതിപക്ഷം രംഗത്തുണ്ട്.

എന്നാൽ, പമ്പയിലെ അടിസ്ഥാന സൗകര്യ വികസനം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്ന് ടാറ്റാ പ്രൊജക്ട്സിന് മുഖ്യമന്ത്രി ഇതിനകം നിര്‍ദ്ദശം നല്‍കിയിട്ടുണ്ട്. ഇതടക്കമുള്ള പദ്ധതികളുടെ പുരോഗതി യോഗം വിലയിരുത്തും.

© 2024 Live Kerala News. All Rights Reserved.