ഖഷോജിയുടെ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്ന് തുര്‍ക്കി പ്രസിഡന്റ്

ഇസ്താംബുള്‍: ജമാല്‍ ഖഷോജിയുടെ കൊലപാതകം ഇസ്താംബുളിലെ സൗദി കോണ്‍സുലേറ്റിനുള്ളില്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്ന് തുര്‍ക്കി പ്രസിഡന്റ് രജപ് തയ്യിബ് എര്‍ദോഗന്‍. അങ്കാറയില്‍ റൂളിങ് ജസ്റ്റിസ് ആന്റ് ഡെവലപ്പ്‌മെന്റ് പാര്‍ട്ടി അംഗങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പെട്ടെന്നുണ്ടായ വികാരങ്ങളുടെ പുറത്ത് നടത്തിയ ഒന്നല്ല ഈ ഓപ്പറേഷന്‍ എന്നത് വ്യക്തമാണ്. അത് മുന്‍കൂട്ടി പദ്ധതിയിട്ടു നടപ്പിലാക്കിയ ഒന്നാണ്. ആരുടെ ഉത്തരവ് പ്രകാരമാണ് ഈ ആളുകള്‍ വന്നത്? ഞങ്ങള്‍ മറുപടി തേടുകയാണ്?’ അദ്ദേഹം പറഞ്ഞു.

ഖഷോഗ്ജി കൊല്ലപ്പെട്ട് മണിക്കൂറിനുള്ളില്‍ ഇസ്താംബുള്‍ വിട്ട 15 പേര്‍ സുരക്ഷാ, ഇന്റലിജന്‍സ് ഫോറന്‍സിക് ഉദ്യോഗസ്ഥരായിരുന്നുവെന്നും അദ്ദേഹം തുറന്നടിച്ചു.

ഖഷോഗ്ജി ഒക്ടോബര്‍ രണ്ട് ചൊവ്വാഴ്ച കോണ്‍സുലേറ്റില്‍ എത്തുമെന്ന കാര്യം ഈ സംഘത്തിന് അറിയാമായിരുന്നു. വെള്ളിയാഴ്ച കോണ്‍സുലേറ്റിലെത്തിയ ഖഷോഗ്ജിയെ ചൊവ്വാഴ്ച വരാന്‍ പറഞ്ഞ് തിരിച്ചയക്കുകയാണുണ്ടായത്. അതുകൊണ്ടുതന്നെ അദ്ദേഹം ചൊവ്വാഴ്ച ഉച്ചയോടെ കോണ്‍സുലേറ്റിനുള്ളിലെത്തുമെന്ന കാര്യം സൗദി അധികൃതര്‍ക്ക് വ്യക്തമായി അറിയാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ആരാണ് ഈ കൊലപാതകത്തിന് ഉത്തരവിട്ടതെന്ന് മറുപടി നല്‍കിയേ തീരൂവെന്നും എര്‍ദോഗന്‍ ആവശ്യപ്പെട്ടു. ഏതെങ്കിലും ഇന്റലിജന്‍സ്, സെക്യൂരിറ്റി ഓഫീസര്‍മാരുടെ തലയില്‍ കുറ്റം കെട്ടിവെച്ച് ഞങ്ങളെ അല്ലെങ്കില്‍ അന്താരാഷ്ട്ര സമൂഹത്തെ തൃപ്തിപ്പെടുത്താമെന്ന് കരുതേണ്ടയെന്നും എര്‍ദോഗന്‍ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.