ജമാൽ ഖഷോഗിയുടെ കൊലപാതകം: സൗദിയെ തള്ളി അമേരിക്കയും ബ്രിട്ടനും

സൗദി മാധ്യമ പ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകത്തിൽ സൗദിയുടെ വിശദീകരണം തള്ളി അമേരിക്കയും ബ്രിട്ടനും. സൗദിയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് വ്യക്തമാക്കിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഖഷോഗി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിക്കാന്‍ ഇത്രയും സമയമെടുത്തതിനെ വിമര്‍ശിക്കുകയും ചെയ്‌തു. അതേസമയം, സൗദിയുമായുള്ള സഹകരണം തുടരുമെന്ന് ട്രംപ് വ്യക്തമാക്കി. ഇതിനിടെ സത്യാവസ്ഥ ഇന്ന് പാർലമെന്റിനെ അറിയിക്കുമെന്ന് തുർക്കി പ്രസിഡന്റ് ത്വയിബ് എർദോഗനും വ്യക്തമാക്കി.

യാഥാര്‍ത്ഥ്യം അറിയാന്‍ അമേരിക്കയ്ക്ക് തുര്‍ക്കിയില്‍ സന്നാഹങ്ങളുണ്ടെന്നും അത് ഇന്നത്തോടെ വ്യക്തമാകുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. അതേസമയം സൗദിയുമായുള്ള സഹകരണം അവസിനിപ്പിക്കാൻ തയ്യാറല്ലെന്ന നിലപാട് ട്രംപ് ആവ‍ർത്തിച്ചു. ഇതിനുപിന്നാലെ അമേരിക്കൻ ട്രഷറി സെക്രട്ടറി സ്റ്റീവൻ നൂച്ചിൻ റിയാദിൽ സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി.

സൗദിയുടെ വിശദീകരണം വിശ്വാസയോഗ്യമല്ലെന്ന് ബ്രിട്ടനും പ്രതികരിച്ചു. കൊലപാതകത്തിന് ഉത്തരവാദികളായവർ തക്ക ശിക്ഷ അനുഭവിക്കണമെന്ന് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ജെറമി ഹണ്ട് പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.