അമൃത്‌സർ ട്രെയിനപകടം; ദസറ ആഘോഷം നടത്തിയത് കോൺഗ്രസെന്ന് പ്രതിപക്ഷം

അമൃത്‌സർ: പഞ്ചാബിലെ അമൃത്‌സറിൽ ദസറ ആഘോഷങ്ങൾക്കിടെയുണ്ടായ ട്രെയിൻ അപകടത്തിൽ 61 പേർ മരിച്ച സംഭവത്തിൽ രാഷ്ട്രീയ വിവാദം കനക്കുന്നു. കോൺഗ്രസ് സംഘടിപ്പിച്ച ദസറ ആഘോഷത്തിനിടെയാണ് അപകടമുണ്ടായതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഇതിനിടെ പരിപാടിക്ക് അനുമതി നൽകിയിരുന്നില്ലെന്ന് കേന്ദ്ര റെയിൽവേ ബോർഡ് വ്യക്തമാക്കി. സംഭവത്തിൽ സംസ്ഥാന സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ജോധ ഫടക്ക് മേഖലയിൽ ചൗര ബസാറിനോടു ചേർന്നായിരുന്നു അപകടം നടന്നത്. 61പേർ മരിച്ചതായും 72 പേർക്കു പരിക്കേറ്റതായും അമൃത്‌സർ കമ്മിഷണർ എസ്.എസ്.ശ്രീവാസ്തവ പറഞ്ഞു. ആഘോഷം നടക്കുന്ന സമയത്ത് അതുവഴി ട്രെയിൻ ഉണ്ടെന്നതിന്റെ മുന്നറിയിപ്പുകൾ സംഘാടകർ നൽകിയിരുന്നില്ലെന്ന് ആഘോഷത്തിനെത്തിയവർ പറഞ്ഞു. മന്ത്രി നവ്ജ്യോത് സിംഗ് സിദ്ദുവായിരുന്നു പരിപാടി സംഘാടകനെന്ന് ബി.ജെ.പി ആരോപിച്ചു. പരിപാടിയിൽ മുഖ്യാതിഥിയായി ക്ഷണിക്കപ്പെട്ട സിദ്ദുവിന്റെ ഭാര്യയും പ്രാദേശിക നേതാവുമായ നവ്ജ്യോത് കൗർ എത്താൻ വൈകിയെന്നും ഇതിനെ തുടർന്ന് രാവണ ദഹനം നീണ്ടു പോയതാണ് അപകടകാരണമെന്നും വിമർശനമുയരുന്നുണ്ട്. ഇവർ അപകടം നടന്നതിനു തൊട്ടുപിന്നാലെ സ്ഥലം വിട്ടെന്നും വിമർശനമുണ്ട്. എന്നാൽ താൻ പരിക്കേറ്റവർക്കൊപ്പം ആശുപത്രിയിലായിരുന്നെന്ന് നവ്ജ്യോത് കൗർ വ്യക്തമാക്കി. ആഘോഷങ്ങൾക്കുശേഷം വീട്ടിലെത്തിയപ്പോഴാണ് അപകടത്തെപ്പറ്റി അറിഞ്ഞത്. എന്നാൽ മേഖലയിൽ സംഘർഷ സാദ്ധ്യതയുണ്ടെന്നും വരേണ്ടെന്നുമായിരുന്നു പൊലീസ് നിർദ്ദേശം. അപ്പോൾത്തന്നെ ആശുപത്രിയിലേക്കു തിരിച്ചെന്നും നവ്ജ്യോത് കൗർ വിശദീകരിച്ചു. സംഭവത്തിന്റെ പൂർണ ഉത്തരാവദിത്ത്വം മുഖ്യമന്ത്രി അമരീന്ദർ സിംഗ് നയിക്കുന്ന കോൺഗ്രസ് സർക്കാരിനാണെന്നു പ്രതിപക്ഷമായ അകാലിദളും വിമർശിച്ചു.

© 2024 Live Kerala News. All Rights Reserved.