ന്യൂഡല്‍ഹി: പഞ്ചാബിലെ അമൃത്സറില് ട്രെയിന്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് 50,000 രൂപയും സഹായം പ്രഖ്യാപിച്ചു. ട്രെയിന്‍ ദുരന്തത്തില്‍ അമ്ബതിലേറെ പേരാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
സംഭവത്തില്‍ മോദി ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങളോട് അനുശോചനം അറിയിച്ച പ്രധാനമന്ത്രി പരിക്കേറ്റവര്‍ വേഗം സുഖംപ്രാപിക്കട്ടെയെന്നു പ്രാര്‍ഥിക്കുകയും ചെയ്തു.
നേരത്തെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സയും അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്.
അമൃത്സറിലെ ജോദ പതക്കില്‍ വെള്ളിയാഴ്ച വൈകുന്നേരം 6.30നായിരുന്നു സംഭവം. ദസറ ആഘോഷത്തിനിടെയായിരുന്നു അപകടം.
ദസറ ആഘോഷങ്ങള്‍ വീക്ഷിക്കുന്നതിനിടെ റെയില്‍ പാളത്തില്‍ നിന്ന ജനങ്ങളുടെ നേര്‍ക്കാണ് ട്രെയിന്‍ പാഞ്ഞുകയറിയത്. ചൗറ ബസാര്‍ എന്ന സ്ഥലത്താണ് അപകടം നടന്നത്.
ദസറ ആഘോഷത്തിന്റെ ഭാഗമായി രാവണരൂപം ട്രാക്കില്‍ വച്ച് കത്തിക്കമ്ബോഴാണ് അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റു. ആഘോഷത്തിന്റെ ഭാഗമായി പടക്കങ്ങള്‍ പൊട്ടിച്ചതിനാല്‍ ട്രെയിന്‍ അടുത്തു വരുന്നതിന്റെ ശബ്ദം കേള്‍ക്കാനായില്ല. ഇതാണ് ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
ഏകദേശം 700 പേര് സംഭവസ്ഥലത്തുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അപകടത്തെ കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു.