മഞ്ച്വേശ്വരം എം.എൽ.എ പി.ബി.അബ്ദുൾ റസാഖ് അന്തരിച്ചു

കാസർകോട്: മഞ്ച്വേശ്വരം എം.എൽ.എയും മുസ്ളിം ലീഗ് ദേശീയ സെക്രട്ടേറിയറ്റ് അംഗവുമായ പി.ബി.അബ്ദുൾ റസാഖ് അന്തരിച്ചു. 65 വയസായിരുന്നു. അസുഖത്തെ തുടർന്ന് കാസർകോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ 5.45ഓടെയാണ് അദ്ദേഹത്തിന്റെ അന്ത്യം.

2011 മുതൽ മ‍ഞ്ച്വേശ്വരത്ത് നിന്ന് നിയമസഭാംഗമാണ്. 2016ൽ നടന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെതിരെ 89 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു തിരഞ്ഞെടുക്കപ്പെട്ടത്. തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സുരേന്ദ്രൻ ഹൈക്കോടതിയിൽ നൽകിയ പരാതിയിൽ കേസ് നടന്നുവരികയാണ്.

1955 ഒക്ടോബർ ഒന്നിന് ബീരാൻ മൊയ്തീൻ ഹാജിയുടെയും ബീഫാത്തിമയുടെയും മകനായി കാസർഗോഡ്, ചെങ്കളയിലാണ് ജനനം. ഒൻപതാം ക്ലാസ് വരെ പഠിച്ചിട്ടുണ്ട്. മുസ്ലീം യൂത്ത് ലീഗിന്റെ ജനറൽ സെക്രട്ടറിയായിരുന്നു. ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായും കാസർഗോഡ് ജില്ലാ പഞ്ചായത്ത് അംഗമായും പ്രവർത്തിച്ചു. നെല്ലിക്കാട്ടെ പി. ബീരാൻ മൊയ്തീൻ ഇംഗ്ലീഷ് മീഡിയം ഹയർസെക്കണ്ടറി സ്‌കൂളിന്റെയും അബേദ്ക്കർ എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെയും ചെയർമാനാണ്. ചെങ്കള എ.എൽ.പി.സ്‌കൂളിന്റെയും മാനേജരായിരുന്നു.

© 2024 Live Kerala News. All Rights Reserved.