ഖത്തറിൽ നടക്കാനിരിക്കുന്ന ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ചതായിരിക്കും: ഫിഫ സെക്രട്ടറി ജനറൽ

2022ൽ ഖത്തറിൽ നടക്കാനിരിക്കുന്ന ഫുട്ബോൾ ലോകകപ്പിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് ഫിഫ സെക്രട്ടറി ജനറൽ ഫത്മ സമൗറ. ലോകകപ്പ് ഏറ്റവും മികവുറ്റതാക്കാൻ നിരവധി മാർഗങ്ങളുണ്ട്. റഷ്യയിൽ നാം അത് കണ്ടു കഴിഞ്ഞു. എന്നാൽ ഖത്തറിൽ നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്ബാൾ ഇതുവരെ നടന്നതിൽ ഏറ്റവും മികവുറ്റതായിരിക്കുമെന്നും ചരിത്രം അടയാളപ്പെടുത്തുമെന്ന കാര്യത്തിൽ സംശയമില്ലെന്നും അവർ പറഞ്ഞു.

കഴിഞ്ഞ കാലത്തെ നേട്ടങ്ങളിൽ നിന്നും വെല്ലുവിളികളിൽ നിന്നുമെല്ലാം പാഠമുൾക്കൊണ്ട് ഭാവി മികവുറ്റതാക്കുകയാണ് ഫിഫ ലക്ഷ്യമിടുന്നതെന്ന് ഫത്മ സമൗറ വ്യക്തമാക്കി. ഫിഫയുടെ ആസ്​ഥാനമായ സൂറിച്ചിൽ ഖത്തർ, റഷ്യ രാജ്യങ്ങളിൽ നിന്നുള്ള ലോകകപ്പ് പ്രാദേശിക സംഘാടകരുമായുള്ള നിരവധി കൂടിക്കാഴ്ചകൾക്ക് ശേഷം ഫിഫ വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം, 2022ലെ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പായിരിക്കുമെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദി അഭിപ്രായപ്പെട്ടു. ഭാവിയിലെ ആതിഥേയർക്ക് മികച്ച പ്രചോദനം നൽകിയ റഷ്യയെ അഭിനന്ദിക്കുന്നുവെന്നും ഹസൻ അൽ തവാദി വ്യക്തമാക്കി.

© 2024 Live Kerala News. All Rights Reserved.