ഇന്ത്യ- വെസ്റ്റിന്‍ഡീസ് ഏകദിനം: ടിക്കറ്റ് വില്‍പ്പന 17 മുതല്‍ ആരംഭിക്കും

തിരുവനന്തപുരം: നവംബര്‍ 1ന് തിരുവനന്തപുരം സ്പോര്‍ട്ട്സ് ഹബ്ബില്‍ നടക്കുന്ന ഇന്ത്യ- വെസ്റ്റിന്‍ഡീസ് ഏകദിന ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന്റെ ടിക്കറ്റ് വില്‍പ്പന 17 ന് ആരംഭിക്കും. ഓണ്‍ലൈന്‍ വഴിയാണ് ടിക്കറ്റ് വില്‍പ്പന.പേടിഎമ്മാണ് മത്സരത്തിന്റെ ടിക്കറ്റിങ്ങ് പാര്‍ട്ട്ണര്‍. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് മൊബൈലിലെ ടിക്കറ്റ് പകര്‍പ്പോ, പ്രിന്റൗട്ടോ എടുത്ത് സ്റ്റേഡിയത്തിനകത്ത് പ്രവേശിക്കാം.

1,000, 2000, 3000 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. മത്സര വരുമാനത്തിന്റെ പങ്ക് കെസിഎ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കും.30ന് ഉച്ചക്ക് ഇരു ടീമുകളും തിരുവനന്തപുരത്തെത്തും. 31 രാവിലെ വെസ്റ്റിന്‍ഡീസ് ടീമും ഉച്ചകഴിഞ്ഞ് ഇന്ത്യന്‍ ടീമും സ്പോര്‍ട്ട്സ് ഹബ്ബില്‍ പരിശീലനം നടത്തും.

മത്സരത്തിന്റെ ഒരുക്കങ്ങള്‍ ദൃുതഗതിയില്‍ നടന്ന് വരികയാണ്. കെസിഎ ക്യൂറേറ്റര്‍ ബിജുവിന്റെ നേതൃത്വത്തില്‍ പിച്ച് നിര്‍മാണം അവസാന ഘട്ടത്തിലാണ്. സ്പോര്‍ട്ട്സ് ഹബ്ബില്‍ പുതുതായി കോര്‍പ്പറേറ്റ് ബോക്സുകള്‍ നിര്‍മിച്ചു. കളിക്കാര്‍ക്കായി പ്രത്യേക മുറികളും സജ്ജീകരിച്ചിട്ടുണ്ട്. കുടുംബശ്രീ,ജയില്‍ വകുപ്പ് എന്നിവരുടെ നേതൃത്വത്തിലാകും മത്സരദിനം സ്റ്റേഡിയത്തിലെ ഭക്ഷണ വിതരണം. ജില്ലാ കലക്ടറുടെ നിര്‍ദ്ദേശ പ്രകാരം ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കും.