തിത്ത്‌ലി ചുഴലിക്കാറ്റ്: ആന്ധ്രയില്‍ 150 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി; ഗോവന്‍ തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം

ഭുവനേശ്വര്‍: തിത്ത്‌ലി ചുഴലിക്കാറ്റില്‍പ്പെട്ട് കടലില്‍ കുടുങ്ങിയ ആന്ധ്രയില്‍നിന്നുള്ള 150 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. ഒഡീഷ പോലീസും ദേശീയ ദുരന്തനിവരാണ സേനയും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്.

35 ബോട്ടുകളിലായാണ് മത്സ്യത്തൊഴിലാളികള്‍ ഉണ്ടായിരുന്നത്. കഴിഞ്ഞ മാസം 29ന് ആന്ധ്രയിലെ വിവിധ പ്രദേശങ്ങളില്‍നിന്ന് മത്സ്യബന്ധനത്തിനു പോയവരാണ് കൊടുങ്കാറ്റില്‍ ഒറ്റപ്പെട്ടുപോയിരുന്നതെന്നും അധികൃതര്‍ അറിയിച്ചു.

അതേസമയം, ആന്ധ്രയിലും ഒഡീഷയിലും കനത്ത നാശം വിതച്ച തിത്ത്‌ലി ചുഴലിക്കൊടുങ്കാറ്റില്‍ ഗോവയിലെ വിനോദ സഞ്ചാരികള്‍ക്ക് ജാഗ്രതാ നിര്‍ദേശം. കനത്ത മഴയും ചുഴലിക്കാറ്റും മൂലം ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്നാണ് ടൂറിസം വകുപ്പിന്‍റെ മുന്നറിയിപ്പ്. കടലില്‍ ഇറങ്ങുന്നതിന് നിയന്ത്രണമുണ്ടാകും. ഞായറാഴ്ച വരെയാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

© 2025 Live Kerala News. All Rights Reserved.