യുഎസില്‍ വീശിയടിച്ച് മൈക്കല്‍ ചുഴലിക്കാറ്റ്; മൂന്ന‌് തീരസംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ, 21 ലക്ഷം പേര്‍ക്ക‌് ഒഴിയാന്‍ നിര്‍ദേശം

ഫ്ലോറിഡ: അമേരിക്കന്‍ തീരപ്രദേശത്ത് വീശിയടിച്ച മൈക്കല്‍ ചുഴലിക്കാറ്റില്‍ ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക‌് പരിക്കേറ്റു. ഒട്ടേറെ കെട്ടിടം തകര്‍ന്നു. ഉഗ്രപ്രഹരശേഷിയുള്ള കാറ്റഗറി-4ല്‍പ്പെടുന്ന ചുഴലിക്കാറ്റ‌് മണിക്കൂറില്‍ 155 മൈല്‍ (250 കിലോമീറ്റര്‍) വേഗത്തിലാണ‌് ആഞ്ഞടിച്ചത‌്.

ഫ്ലോറിഡയുള്‍പ്പെടെ മൂന്ന‌് തീരസംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മുന്‍കരുതലിന്റെ ഭാഗമായി ഫ്ലോറിഡയിലെ വിവിധ ഭാഗങ്ങളില്‍നിന്ന‌് 21 ലക്ഷം പേരോട‌് ഒഴിഞ്ഞുപോകാന്‍ അധികൃതര്‍ നിര്‍ദേശിച്ചു. 38 ലക്ഷം പേര്‍ക്ക‌് അതീവ ജാഗ്രതാ നിര്‍ദേശവും നല്‍കി.

മെക‌്സിക്കന്‍ തീരത്താണ‌് കാറ്റ‌് ആദ്യമെത്തിയത‌്. തീരത്താകെ കനത്ത നാശം വിതച്ചശേഷമാണ‌് ഫ്ലോറിഡയിലേക്ക‌് നീങ്ങിയത‌്. കാറ്റിന‌് പിന്നാലെ കനത്ത മഴയും പ്രളയവുമുണ്ടായി.

കാറ്റുവീശിയ മേഖലകളില്‍ ഗതാഗത സംവിധാനവും വൈദ്യുതിയും തകരാറിലായത‌് രക്ഷാപ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചു. മേഖലയിലെ വിമാനത്താവളങ്ങളാകെ അടച്ചിട്ടിരിക്കയാണ‌്.

© 2023 Live Kerala News. All Rights Reserved.