ശബരിമല സ്തീപ്രവേശനം: തന്ത്രി കുടുംബം റിവ്യൂ ഹര്‍ജി നല്‍കി

ന്യൂഡല്‍ഹി: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്‌ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച വിധി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്രം തന്ത്രി കുടുംബമായ താഴമണ്‍ മഠത്തിനു വേണ്ടി തന്ത്രി കണ്ഠരര് രാജീവര് ഹര്‍ജി നല്‍കി. അഡ്വ. മാലിനി പൊതുവാള്‍ മുഖേനെ നല്‍കിയ ഹര്‍ജിയില്‍ കേസ് ഉയര്‍ന്ന ബെഞ്ചിന്റെ പരിഗണനയ്‌ക്ക് വിടണമെന്ന് ആവശ്യപ്പെടുന്നു.

അഖില ഭാരതീയ മലയാളി സംഘ് ജനറല്‍ സെക്രട്ടറി ഷൈന്‍ പി. ശശിധര്‍, കേരളാ ക്ഷേത്ര സംരക്ഷണ സമിതിക്ക് വേണ്ടി സ്വാമി അയ്യപ്പദാസ്, മാതൃസമിതിക്ക് വേണ്ടി ഡോ.ഗീത എന്നിവരുടെ പുന:പരിശോധനാ ഹര്‍ജികളും ഇന്നലെ ഫയല്‍ ചെയ്‌തു.

കേസിന്റെ വാദ സമയത്ത് തങ്ങള്‍ നല്‍കിയ സത്യവാങ്‌മൂലം അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിച്ചില്ലെന്ന് മലയാളി സംഘിന്റെ ഹര്‍ജിയില്‍ പറയുന്നു.