ഇന്ത്യ ഇറാനിൽനിന്നുള്ള എണ്ണ ഇറക്കുമതി തുടരുമെന്ന് ഇറാൻ വിദേശമന്ത്രി മുഹമ്മദ് ജവാദ് സരിഫ്. തങ്ങളുടെ എണ്ണ വാങ്ങുന്ന കാര്യത്തിൽ ഇന്ത്യക്ക് സംശയങ്ങളൊന്നും ഇല്ലെന്നും ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം തുടരുമെന്നും ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലിക്കായി എത്തിയ അദ്ദേഹം ന്യൂയോർക്കിൽ വ്യക്തമാക്കി. ഇറാനെതിരെ അമേരിക്ക പ്രഖ്യാപിച്ച ഉപരോധം നവംബറിൽ പ്രാബല്യത്തിൽ വരാനിരിക്കെയാണ് ഇറാന്റെ പ്രഖ്യാപനം.
ഉപരോധം നിലവിൽവന്നാൽ ഇറാനിൽനിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കണമെന്ന് അമേരിക്ക സഖ്യ രാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചൈന കഴിഞ്ഞാൽ ഇന്ത്യയാണ് ഇറാന്റെഏറ്റവും വലിയ എണ്ണ ഇടപാടു രാജ്യം.
ഐക്യരാഷ്ട്രസഭ സമ്മേളനത്തിനെത്തിയ ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷമാണ് മുഹമ്മദ് ജവാദ് ഇക്കാര്യം അറിയിച്ചതെന്ന് എ.എൻ.ഐ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.