ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമോ? സുപ്രീംകോടതി നിര്‍ണ്ണായക വിധി ഇന്ന്‌

ന്യൂഡല്‍ഹി:ശബരിമല സ്ത്രീപ്രവേശനത്തില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാബെഞ്ച് വിധി പറയുന്നത്. യങ് ലോയേഴ്‌സ് അസോസ്സിയേഷനാണ് ഇത് സംബന്ധിച്ച് ഹര്‍ജി നല്‍കിയത്. ശബരിമലയില്‍ ഒരു വിഭാഗം സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കാത്തത് ഭരണഘടനാ ലംഘനമാണോ എന്നാണ് സുപ്രീംകോടതി പരിശോധിക്കുന്നത്.

സ്ത്രീപ്രവേശനത്തെ സംസ്ഥാന സര്‍ക്കാര്‍ അനുകൂലിച്ചിരുന്നു. എന്നാല്‍ അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണെന്നും ആചാരങ്ങള്‍ മാറ്റാന്‍ കഴിയില്ലെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിലപാട് എടുത്തു. ക്ഷേത്രം തന്ത്രിയും പ്രവേശനത്തെ എതിര്‍ത്തിരുന്നു. അയ്യപ്പന്‍ ബ്രഹ്മചാരിയാണെന്നും അതിനാല്‍ നിലവിലെ ആചാരം സ്ത്രീ വിരുദ്ധമല്ലെന്നുമായിരുന്നു എന്‍എസ്എസിന്റെ വാദം. പന്തളം രാജകുടുംബവും സ്ത്രീ ്പ്രവേശനത്തെ എതിര്‍ത്തിരുന്നു.

സ്ത്രീകളെ വിലക്കുന്ന നിലവിലെ ആചാരം തുടരണമെന്നാണ് അമിക്കസ് ക്യൂറിയുടെ നിലപാട്. സുപ്രീംകോടതി ക്ഷേത്രാചാരങ്ങളെ മാനിക്കണമെന്നും ഈ വിഷയത്തില്‍ ലിറ്റ്മസ് ടെസ്റ്റ് നടത്തരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

വിവേചനത്തിനെതിരെയുള്ള ഭരണഘടന അവകാശം ഉയര്‍ത്തുമ്പോള്‍ തന്നെ വിശ്വാസത്തിന്റെ ഭരണഘടന അവകാശവും സംരക്ഷിക്കണമെന്ന് കോടതി പരാമര്‍ശിച്ചിരുന്നു. അയ്യപ്പ സേവാ സമിതി പോലെയുള്ള നിരവധി സംഘടനകളും കേസില്‍ കക്ഷി ചേര്‍ന്നിരുന്നു.

© 2024 Live Kerala News. All Rights Reserved.