പ്രളയ നാശനഷ്ടങ്ങള്‍ വിലയിരുത്താനെത്തിയ കേന്ദ്രസംഘം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ പ്രളയത്തിന്റെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അയച്ച സംഘം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തും. ഉച്ചകഴിഞ്ഞ് 3.30നാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്. കഴിഞ്ഞ അഞ്ച് ദിവസമായി ദുരന്ത ബാധിത മേഖലകളില്‍ സന്ദര്‍ശനം നടത്തിയ സംഘം നാശനഷ്ടം വിലയിരുത്തിയിരുന്നു.

പ്രളയദുരിതാശ്വാസവുമായി ബന്ധപ്പെട്ട് സംസ്ഥാനം നേരിടുന്ന ബുദ്ധിമുട്ടുകള്‍ മുഖ്യമന്ത്രി, കേന്ദ്രസംഘത്തെ അറിയിക്കും. കേന്ദ്ര മാനദണ്ഡം അനുസരിച്ച് 4,700 കോടി രൂപ നഷ്ടപരിഹാരം ആശ്യപ്പെട്ടാണ് കേരളം അപേക്ഷ നല്‍കിയത്.

അതേസമയം പ്രളയദുരിതാശ്വാസം ചര്‍ച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണും. ഇന്ന് ഡല്‍ഹിക്ക് തിരിക്കുന്ന മുഖ്യമന്ത്രി നാളെ വൈകീട്ട് 5.30 ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗുമായും പിണറായി വിജയന്‍ ചര്‍ച്ച നടത്തും.

© 2024 Live Kerala News. All Rights Reserved.