യുപിയില്‍ അജ്ഞാത പനി ബാധിച്ച്‌ 79 മരണം

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ അജ്ഞാത പനി ബാധിച്ച്‌ 79 പേര്‍ മരിച്ചു. പനി മരണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കര്‍ശന ജാഗ്രതാ നിര്‍ദേശമാണ് ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ ഭീതി പടരാതിരിക്കാനും ആരോഗ്യ വകുപ്പ് പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്.

ബറേലിയിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത്. 24 പേരാണ് പനി ബാധിച്ച്‌ അവിടെ മരിച്ചത്. ബദൗണില്‍ 23 പേരും ഹര്‍ദോയില്‍ 12 പേരും സിതാപുരില്‍ എട്ടും ബറൈച്ചിയില്‍ ആറും പിലിഭിത്തില്‍ നാലും ഷാജഹാന്‍പുരില്‍ രണ്ടുപേരുമാണ് മരിച്ചത്.

മരണകാരണം ഇതുവരെ സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല. മരണകാരണവും മരിച്ചവരുടെ പശ്ചാത്തലവും പരിശോധിച്ച്‌ വരികയാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി സിദ്ധാര്‍ത്ഥ് നാഥ് സിങ് അറിയിച്ചു.

കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ബറേലിയിലും ബദൗണിലും ഡോക്ടര്‍മാരുടെ മൂന്ന് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പനിപടരാതിരിക്കാനുള്ള നടപടികളും ബോധവല്‍ക്കരണ പരിപാടികളും സര്‍ക്കാര്‍ സ്വീകരിച്ചു വരികയാണ്.