മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനം പഠിക്കാന്‍ സുപ്രീം കോടതി നന്ദന്‍ നിലേക്കനിയെ നിയമിച്ചു

ന്യൂഡല്‍ഹി: മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ പഠിക്കാന്‍ നന്ദന്‍ നിലേക്കനിയെ നിയമിച്ചുകൊണ്ട് സുപ്രിം കോടതി ഉത്തരവായി. കേരളത്തില്‍ നിന്നുള്ള മൂന്ന് സ്വാശ്രയ കോളജുകളുടെ ഹരജി പരിഗണിക്കവേയാണ് ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, എല്‍ നാഗേശ്വര്‍ റാവു എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ് പുറപ്പെടുവിച്ചത്.

മെഡിക്കല്‍ കോളജുകളുടെ പരിശോധന ഉള്‍പ്പടെ ഉള്ള മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച്‌ പഠിക്കുന്നതാനാണ് നിയമനം. കേസില്‍ കോടതിയെ സഹായിക്കുന്നതിനുള്ള അമിക്കസ് ക്യൂറിയായി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലിനെയും സുപ്രിം കോടതി നിയമിച്ചിട്ടുണ്ട്.

പതിനഞ്ച് ദിവസങ്ങള്‍ക്കകം മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥരും നന്ദന്‍ നിലേകാനിയും പങ്കെടുക്കുന്ന യോഗം വിളിച്ച്‌ ചേര്‍ക്കാന്‍ സുപ്രിം കോടതി കപില്‍ സിബലിന് നിര്‍ദേശം നല്‍കി.

കേരളത്തിലെ തൊടുപുഴ അല്‍ അസര്‍ മെഡിക്കല്‍ കോളേജ് , വയനാട് ഡി എം മെഡിക്കല്‍ കോളേജ് , അടൂര്‍ മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളജ് എന്നിവര്‍ നല്‍കിയ ഹരജി പരിഗണിക്കുമ്ബോഴാണ് ബഞ്ച് സുപ്രധാനമായ ഉത്തരവ് പുറപ്പെടുവിച്ചത്.

നിലേകാനിക്ക് ആവശ്യമെങ്കില്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ് ഉള്‍പ്പടെ ഉള്ളവയുടെ സേവനം തേടാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മെഡിക്കല്‍ കോളജുകള്‍ക്ക് അഫിലിയേഷന്‍ നല്‍കുന്നതിന്റെ ഭാഗമായി നടത്തുന്ന പരിശോധനകള്‍ ഉള്‍പ്പടെ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മുഴുവന്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പഠിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.