റാഫേല്‍ ഇടപാട്: ജെ.പിസി അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് നിര്‍മല സീതാരാമന്‍

ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടില്‍ ജെ.പി.സി അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അറിയിച്ചു. വിമാനത്തിന്റെ വിലയുള്‍പ്പടെ എല്ലാ കാര്യങ്ങളും പാര്‍ലമെന്റിന് അറിയാവുന്നതാണ്. വിഷയത്തില്‍ എ.കെ ആന്റണിയുടെ ആരോപണങ്ങള്‍ പ്രതിരോധമന്ത്രി തള്ളി.

ആന്റണി മുതിര്‍ന്ന നേതാവാണ്. റാഫേല്‍ കരാറുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചകളെക്കുറിച്ച്‌ അദ്ദേഹത്തിന് അറിയാം. വിമാനത്തിന്റെ വിലയുള്‍പ്പടെയുള്ള കാര്യങ്ങളെക്കുറിച്ച്‌ പാര്‍ലെമെന്റിനെ അറിയിച്ചിട്ടുണ്ട്. 126 വിമാനങ്ങള്‍ വാങ്ങണമെന്നത് ഒരിക്കലും നടക്കാവുന്നതല്ല. കരാറിന്റെ കാര്യത്തില്‍ ഉറപ്പുണ്ടായിരുന്നെങ്കില്‍ എന്തുകൊണ്ടാണ് യു.പി.എ സര്‍ക്കാര്‍ അതുമായി മുന്നോട്ടു പോകാതിരുന്നതെന്ന് നിര്‍മല ചോദിച്ചു.

ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിനെ (എച്ച്‌.എ.എല്‍) കരാറില്‍ നിന്ന് ഒഴിവാക്കിയത് യു.പി.എ സര്‍ക്കാരാണ്. എച്ച്‌.എ.എല്ലും ദസാള്‍ട്ടുമായി നിര്‍മ്മാണ കരാര്‍ സംബന്ധിച്ച്‌ ധാരണയായിട്ടുണ്ടായിരുന്നില്ല. അതിനാല്‍ എച്ച്‌.എ.എല്ലിന് റാഫേല്‍ കരാറിന്റെ ഭാഗമാകാനായില്ല. ഇതെല്ലാം സംഭവിച്ചത് ആരുടെ സര്‍ക്കാറിന്റെ കാലത്തായിരുന്നു- നിര്‍മല ചോദിച്ചു.

© 2024 Live Kerala News. All Rights Reserved.