ഇദ്‌ലിബിനെ ബഫര്‍ സോണായി പ്രഖ്യാപിക്കും ; സമാധാന ശ്രമവുമായി റഷ്യയും തുര്‍ക്കിയും

ഇദ്‌ലിബ്: സിറിയയില്‍ സമാധാന ശ്രമവുമായി റഷ്യയും തുര്‍ക്കിയും. സര്‍ക്കാര്‍ സേനയും വിമതരും തമ്മില്‍ യുദ്ധം നടക്കുന്ന ഇദ്‌ലിബ് നഗരത്തെ ബഫര്‍ സോണായി പ്രഖ്യാപിക്കും.

റഷ്യയിലെ സോച്ചിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമീര്‍ പുഡിനും തുര്‍ക്കി പ്രസിഡന്റ് തയ്യിബ് എര്‍ദോഗനും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. ഒക്ടോബര്‍ 15ന് ധാരണ നിലവില്‍ വരും.

ധാരണയനുസരിച്ച് നഗരത്തില്‍ നിന്ന് 15 മുതല്‍ 25 വരെയുള്ള ദൂര പരിധിയില്‍ നിന്ന് വിമതരും സര്‍ക്കാരും സൈനികരെ പിന്‍വലിക്കും. ഒക്ടോബര്‍ 10നകം മിസൈലുകളും ടാങ്കറുകളും അടക്കം എല്ലാ പടക്കോപ്പുകളും മേഖലയില്‍ നിന്ന് നീക്കം ചെയ്യണമെന്നാണ് വ്യവസ്ഥ.

ഇദ്‌ലിബ് ആസ്ഥാനമാക്കിയ അല്‍ നുസ്‌റ അടക്കമുള്ള ഭീകരസംഘടനകള്‍ ഇദ്‌ലിബ് വിടണം. സേനാ പിന്‍മാറ്റം മുതല്‍ ഇഡ്‌ലിനബ് നഗരത്തിന്റെ നിയന്ത്രണം റഷ്യയും തുര്‍ക്കിയും സംയുക്തമായി ഏറ്റെടുക്കും. തുര്‍ക്കിയുടെ പിന്തുണയുള്ള വിമതസേനയുടെ നിയന്ത്രണത്തിലുള്ള അവസാന പ്രവിശ്യയാണ് ഇദ്‌ലിബ്.