കന്യാസ്‌ത്രീ പീഡനം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഇന്ന് മുൻകൂർ ജാമ്യാപേക്ഷ നൽകും; സർക്കാർ നിലപാട് അറിയിക്കും

കന്യാസ്ത്രീയെ ബലാൽസംഗം ചെയ്ത കേസിൽ അറസ്റ്റ് ചെയ്യരുതെന്നാവശ്യപ്പെട്ട് ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഇന്ന് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകും. ഹർജിയിൽ തീരുമാനമാകും വരെ അറസ്റ്റ് പാടില്ലെന്ന് ആവശ്യമുന്നയിക്കും. അറസ്റ്റിന് സാധ്യതയുണ്ടെന്ന നിയമോപദേശത്തിന്‍റെ പശ്ചാലത്തലത്തിലാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ മുൻകൂർ ജാമ്യാപേക്ഷ നൽകുന്നത്. രാവിലെ ഹർജി സമർപ്പിച്ച് ഉച്ചയ്ക്ക് ശേഷം ബെഞ്ചിൽ കൊണ്ടുവരാനാണ് നീക്കം. കോടതിയിൽ സർക്കാർ സ്വീകരിക്കുന്ന നിലപാട് ജാമ്യക്കാര്യത്തിൽ നിർണായമാകും.

നാളെയാണ് ചോദ്യം ചെയ്യലിനായി ബിഷപ്പിനോട് ഹാജരാകാൻ അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുള്ളത്. ചോദ്യം ചെയ്യലിനൊടുവിൽ അറസ്റ്റിന് നീക്കമുണ്ടായാൽ അത് തടയാനുളള വഴിയാണ് ബിഷപ്പ് തേടുന്നത്. അതേസമയം, ഇന്നത്തെ കോടതി നടപടികൾക്ക് ശേഷമേ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകുന്ന കാര്യത്തിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ അന്തിമ തീരുമാനമെടുക്കൂ എന്നാണ് വിവരം.

കന്യാസ്‌ത്രീയുടെ മൊഴികളിൽ വൈരുദ്ധ്യങ്ങളുണ്ട്, ഇക്കാര്യം പൊലീസ് തന്നെ കോടതിയെ അറിയിച്ചിട്ടുണ്ട്, ആരോപണത്തിന് പിന്നിൽ ഗൂഡാലോചനയുണ്ട് എന്നീ വാദങ്ങളാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്. കന്യാസ്ത്രികൾ അടക്കം കൊച്ചിയിൽ തുടരുന്ന സമരം സർക്കാരിന് മേലുളള സമ്മർദ്ദതന്ത്രമാണെന്നും പൊലീസ് അതിന് വഴിപ്പെടുമെന്ന് ഭയമുണ്ടെന്നും കോടതിയെ അറിയിക്കും.

അതേസമയം, കന്യാസ്ത്രീയുടെ സഹോദരി നടത്തുന്ന നിരാഹാര സമരം രണ്ടാംദിവസത്തിലേക്ക് കടന്നു. സഹോദരിക്കൊപ്പം സാമൂഹ്യപ്രവർത്തക പി ഗീതയും നിരാഹാരമിരിക്കുന്നുണ്ട്. ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാതെ കൊച്ചിയിലെ സമരത്തിൽ നിന്ന് പിൻമാറില്ലെന്ന് സമരസമിതി അറിയിച്ചിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.