മംഖൂട്ട് ദക്ഷിണ ചൈനയില്‍ ; ഹോങ്കോങ്ങില്‍ അതീവ ജാഗ്രതാ നിർദേശം

ബീജിങ്: ഫിലിപ്പീന്‍സിന്റെ വടക്കന്‍ പ്രദേശത്ത് കനത്ത നാശം വിതച്ച മംഖൂട്ട് ചുഴലിക്കാറ്റ് ദക്ഷിണ ചൈനയില്‍ എത്തി. ഹോങ് കോങില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. അതീവ അപകടകരം എന്ന വിഭാഗത്തില്‍ പെടുന്ന ചുഴലിക്കാറ്റാണ് മാങ്ഖുട്ട്. മൂന്ന് ദിവസം മുമ്പ് ആരംഭിച്ച ഈ കാറ്റ് ഫിലിപ്പീന്‍സ്, ചൈന എന്നിവിടങ്ങളില്‍ വന്‍നാശ നഷ്ടങ്ങള്‍ വരുത്തിയാണ് വീശിക്കൊണ്ടിരിക്കുന്നത്.

മണിക്കൂറില്‍ 162 കിലോമീറ്റര്‍ വരെ വേഗതയിലാണ് കാറ്റ് വീശിയടിക്കുന്നത്. ഇവിടങ്ങളില്‍ കനത്ത മഴയും തുടരുകയാണ്. ഇതുവരെ 64 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഫിലിപ്പീന്‍സിലെ ഇട്ടഗോങ് പ്രവിശ്യയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ 40 പേരെ കാണാനില്ലെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്വര്‍ണഖനിത്തൊഴിലാളികള്‍ താമസിച്ചിരുന്ന ഗ്രാമത്തിലാണ് മണ്ണിടിച്ചിലുണ്ടായത്. ഏഴ് മൃതദേഹങ്ങള്‍ ഇതു വരെ കണ്ടെടുത്തിട്ടുണ്ട്. മറ്റുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. 750 ഓളം കെട്ടിടങ്ങളാണ് ചുഴലിക്കാറ്റില്‍ തകര്‍ന്നു വീണത്.

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ചൈനയിലെ വിമാന- ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. പ്രധാന റോഡുകളും അടച്ചിട്ടിരിക്കുകയാണ്. കനത്ത ജാഗ്രതാ നിര്‍ദ്ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. രണ്ടുപേര്‍ മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ആദ്യം കാറ്റഗറി അഞ്ചില്‍ ഉള്‍പ്പെടുത്തിയ മംഖൂട്ട് ഈ വര്‍ഷത്തെ ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റായാണ് കരുതുന്നത്.

കിഴക്കന്‍ ചൈനയിലെ ഗുവാങ്‌ദോങ് പ്രവിശ്യയില്‍ നിന്ന് അഞ്ച് ലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. 50,000 മത്സ്യ ബന്ധന ബോട്ടുകളോട് മടങ്ങി വരാന്‍ നിര്‍ദേശിച്ചു. കാറ്റിനും മഴയ്ക്കും സാധ്യതയുള്ള ചുഴലിക്കാറ്റാണിതെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. മണിക്കൂറില്‍ 155 കിലോമീറ്ററാണ് ഇപ്പോള്‍ മാങ്ഖുട്ടിന്റെ വേഗം. ഇത് 162 കിലോമീറ്റര്‍ വരെ വേഗത്തിലാകമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.

© 2024 Live Kerala News. All Rights Reserved.