കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് എം.സി.ജോസഫെയ്ന്‍

തിരുവനന്തപുരം: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് കേരളവനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫെയ്ന്‍.

പീഡന കേസുകളില്‍ ഇരയുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് നിയമവിരുദ്ധമാണ്. അതുകൊണ്ട് കന്യാസ്ത്രീയെ അപമാനിച്ചവര്‍ക്കെതിരെ മാതൃകാപരമായ നടപടികള്‍ സ്വീകരിക്കണമെന്നും ജോസഫെയ്ന്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ നിയമവശങ്ങള്‍ പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി.

ബിഷപ്പ് ഫ്രാങ്കോ മുളക്കലില്‍ നിന്നും ബലാത്സംഗം നേരിട്ട കന്യാസ്ത്രീയുടെ ഫോട്ടോയും അവരെ മോശമാക്കി ചിത്രീകരിച്ച്‌ കുറിപ്പും പുറത്ത് വിട്ട നടപടിക്കെതിരെ കേസെടുത്തിരുന്നു. കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

സന്യാസി സഭയായ മിഷണറീസ് ഓഫ് ജീസസിനെതിരെയാണ് കേസ്. നേരത്തെ ഈ സംഭവത്തില്‍ ആലുവ സ്വദേശി അഡ്വ.ജിയാസ് ജമാലിന്‍ പരാതി നല്‍കിയിരുന്നു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി ഇവര്‍ നല്‍കിയിരുന്നു. പരാതി നല്‍കിയ കന്യാസ്ത്രീയെ പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് പരാതിക്കാരന്‍ പറഞ്ഞിരുന്നു.

കന്യാസ്ത്രീയെ തിരിച്ചറിയും വിധം പ്രസിദ്ധീകരിച്ചാല്‍ ഉത്തരവാദിയാകില്ലെന്ന മുന്നറിയിപ്പോടെയാണ് കന്യാസ്ത്രീയുടെ ഫോട്ടോയും അവരെ മോശമാക്കി ചിത്രീകരിച്ച്‌ കുറിപ്പും മിഷനറീസ് ഓഫ് ജീസസ് മാധ്യമങ്ങള്‍ക്ക് കൈമാറിയത്. കന്യാസ്ത്രീയുടെ വെളിപ്പെടുത്തലുകളില്‍ വൈരുദ്ധ്യമുണ്ടെന്നും പ്രതിഷേധിക്കുന്ന കന്യാസ്ത്രീകള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ആരോപിച്ചുകൊണ്ടുള്ള വാര്‍ത്താകുറിപ്പിനൊപ്പമാണ് ചിത്രം പുറത്തുവിട്ടിരിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.