എല്‍ഷേ: യുവേഫ നേഷന്‍സ് കപ്പ് ലീഗ് എയിലെ ഗ്രൂപ്പ് നാലില്‍ സ്‌പെയിനോട് എതിരില്ലാത്ത ആറു ഗോളുകള്‍ക്ക് ക്രൊയേഷ്യ തോറ്റു. ക്രോയേഷ്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണ് സ്പെയിനിനോട് വഴങ്ങിയത്.
സൂപ്പര്‍ താരങ്ങളായ മോഡ്രിച്ചും റാകിറ്റിച്ചും പെരിസിച്ചും അടങ്ങിയ ക്രൊയേഷ്യ അവരുടെ ചരിത്രത്തിലെ നാണംകെട്ട പരാജയമാണ് ഏറ്റുവാങ്ങിയത്.
ആതിഥേയരായ സ്‌പെയിന്‍ ഇരുപത്തിനാലാം മിനിറ്റിലാണ് ഗോള്‍ വേട്ട ആരംഭിച്ചത്. ഡാനിയേല്‍ കര്‍വജല്‍ നീട്ടിനല്‍കിയ ക്രോസില്‍ നിന്ന് സൗള്‍ നിഗ്വസ് ക്രൊയേഷ്യയുടെ വല കുലുക്കി. മാര്‍ക്കോ അസെന്‍സിയോ(33) നേടിയ ഗോളിനൊപ്പം ഒപ്പം ഒരു സെല്‍ഫ് ഗോള്‍ കിട്ടിയതോടെ ആദ്യ പകുതിയില്‍ സ്‌കോര്‍ 3-0.
രണ്ടാം പകുതിയില്‍ റോഡ്രിഗോ, ക്യാപ്റ്റന്‍ റാമോസ്, ഇസ്‌കോ എന്നിവരും സ്പെയിനിനായി വല കുലുക്കിയതോടെ ക്രോട്ടുകളുടെ പതനം പൂര്‍ണ്ണമായി.
പുതിയ പരിശീലകന്‍ ലൂയിസ് എന്‍ റിക്വെയുടെ കീഴില്‍ സ്‌പെയിന്റെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. ആദ്യ മത്സരത്തില്‍ സ്‌പെയിന്‍ ഇംഗ്ലണ്ടിനെയും തോല്‍പ്പിച്ചിരുന്നു. രണ്ടു ജയത്തോടെ ഗ്രൂപ്പ് നാലില്‍ ആറു പോയിന്റുമായി സ്‌പെയിന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി.