യുദ്ധം വേണ്ട , അയൽരാജ്യങ്ങളുമായി സൗഹൃദം ആഗ്രഹിക്കുന്നു : ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്: ഭാവിയില്‍ മറ്റു രാജ്യങ്ങള്‍ നടത്തുന്ന യുദ്ധങ്ങളില്‍ പാക്കിസ്ഥാന്‍ ഇനി പങ്കാളിയാവില്ലെന്നു ഇമ്രാന്‍ ഖാന്‍. റാവല്‍പിണ്ടിയില്‍ സൈനിക ആസ്ഥാനത്തു നടന്ന രക്തസാക്ഷി ദിന പരിപാടിയിലാണ് ഇമ്രാന്‍ ഖാന്‍ നിലപാടു വ്യക്തമാക്കിയത്. തുടക്കം മുതലെ താന്‍ യുദ്ധങ്ങള്‍ക്ക് എതിരായിരുന്നുവെന്നും, രാജ്യതാത്പര്യം സംരക്ഷിക്കുന്നതാണ് തന്റെ വിദേശ നയമെന്നും പാക്ക് പ്രധാനമന്ത്രി പറഞ്ഞു.

അയല്‍രാജ്യങ്ങളുമായി സൗഹൃദം ആഗ്രഹിക്കുന്നുവെന്നു പറഞ്ഞ ഇമ്രാന്‍ ഐക്യരാഷ്ട്ര സംഘടനാ പ്രമേയങ്ങള്‍ക്കനുസരിച്ചുള്ള കശ്മീര്‍ പ്രശ്‌ന പരിഹാരം ഒഴിവാക്കാന്‍ കഴിയാത്ത ഒന്നാണെന്നും കൂട്ടിച്ചേര്‍ത്തു. കശ്മീരില്‍ ഇന്ത്യ നടത്തുന്നതായി പറയപ്പെടുന്ന ക്രൂരതകള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ ലോക രാജ്യങ്ങള്‍ തയ്യാറാകണമെന്ന ആവശ്യവും പാക്ക് പ്രധാനമന്ത്രി മുന്നോട്ടുവച്ചു.

തീവ്രവാദത്തിനെതിരായ പോരാട്ടം സമ്മാനിച്ച യാതനകളെയും നാശങ്ങളെയും കുറിച്ചു സംസാരിക്കുമ്പോഴാണു ഇമ്രാന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. തീവ്രവാദത്തിനെതിരെ പാക്കിസ്ഥാന്‍ സൈന്യത്തെപ്പോലെ പോരാട്ടം നടത്തിയ മറ്റൊരു സേന ലോകത്തില്ല. എല്ലാതരം ഭീഷണികളെയും മറികടന്നു പാക്കിസ്ഥാനെ സുരക്ഷിതമാക്കാന്‍ സൈന്യവും രഹസ്യാന്വേഷണ ഏജന്‍സികളും വഹിക്കുന്ന പങ്കു സമാനതകളില്ലാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൈന്യവും ഭരണകൂടവും തമ്മില്‍ ഭിന്നതകളില്ലെന്നും രാജ്യം നേരിടുന്ന പ്രശ്‌നങ്ങളുടെ കാര്യത്തില്‍ സമാന സമീപനവും ചിന്തയുമാണുള്ളതെന്നും ഇമ്രാന്‍ വ്യക്തമാക്കി.

പാര്‍ലമെന്റ് അംഗങ്ങള്‍, നയതന്ത്രജ്ഞര്‍, കായിക താരങ്ങള്‍, സിനിമാ താരങ്ങള്‍ എന്നിവരും സൈനിക ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സംബന്ധിച്ചു.

© 2024 Live Kerala News. All Rights Reserved.