പ്രളയം: നഷ്ടപ്പെട്ടുപോയ പുസ്തകങ്ങൾക്ക് പകരം പുതിയ പാഠപുസ്തകങ്ങൾ നൽകി വിദ്യാഭ്യാസ വകുപ്പ്

ആലപ്പുഴ: പ്രളയത്തിൽ നഷ്ടപ്പെട്ടുപോയ പുസ്തകങ്ങൾക്ക് പകരം പുതിയ പാഠപുസ്തകങ്ങൾ നൽകി വിദ്യാഭ്യാസ വകുപ്പ്. ആലപ്പുഴ ജില്ലയിലെ വിവിധ പ്രളയബാധിത പ്രദേശങ്ങളിലെ വിദ്യാർഥികൾക്കുള്ള പുസ്തകങ്ങളാണ് ഉപജില്ലാതലത്തിൽ ഇന്നലെ മുതൽ വിതരണം ചെയ്തു തുടങ്ങിയത്. ജില്ലയിൽ ഒന്നരലക്ഷം വിദ്യാർഥികൾക്കാണ് വെള്ളപ്പൊക്കത്തിൽ പുസ്തകങ്ങൾ നഷ്ടപ്പെട്ടത്.

ആലപ്പുഴ ഗവ.ഗേൾസ് ഹൈസ്‌കൂളിലാണ് പുതിയ പാഠപുസ്തകങ്ങൾ എത്തിയിരിക്കുന്നത്. 24 മണിക്കൂറും ഷിഫ്റ്റടിസ്ഥാനത്തിൽ പ്രവർത്തിച്ചുകൊണ്ട് അധ്യാപകരും അനധ്യാപകരും ചേർന്നാണ് പുസ്തകങ്ങൾ തരം തിരിക്കുന്നത്. ഒന്നുമുതൽ പത്തുവരെ ക്ലാസുകളിലെ വിദ്യാർഥികൾക്കുള്ള പുസ്തകങ്ങളാണ് ഇവിടെയെത്തിരിക്കുന്നത്.

പ്രളയം ഏറെ ദുരന്തം വിതച്ച ജില്ലയിലെ മങ്കൊമ്പ്, വെളിയനാട്, തലവടി, ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപജില്ലകളിലെ വിദ്യാർഥികൾക്ക് പുസ്തകങ്ങൾ പൂർണമായും നഷ്ടപ്പെട്ടുവെന്നാണ് കണക്കാക്കിയിരിക്കുന്നത്. വെള്ളത്തിൽ കുതിർന്നു ഉപയോഗിക്കാനാകാത്ത വിധം ചീത്തയായ പുസ്തകങ്ങളും നഷ്ടകണക്കിലുൾപ്പെടും.

അമ്പലപ്പുഴ, ഹരിപ്പാട്, മാവേലിക്കര എന്നീ വിദ്യാഭ്യാസ ഉപജില്ലകളിലെ വിദ്യാർഥികളെ ഭാഗികമായാണ് പ്രളയം ബാധിച്ചത്. ഇവിടങ്ങളിലും പുസ്തങ്ങൾ വിതരണം ചെയ്യും.

© 2024 Live Kerala News. All Rights Reserved.