തന്റെ ശക്തിപ്രകടിപ്പിക്കാനുള്ള എം കെ അഴഗിരിയുടെ റാലി ഇന്ന് നടക്കും. രാവിലെ 10 മണിക്ക് കരുണാനിധി സമാധിയിലേക്കാണ് റാലി. ഒരു ലക്ഷത്തോളം പേർ റാലിയിൽ പങ്കെടുക്കുമെന്നാണ് അഴഗിരിയുടെ അവകാശവാദം. കരുണാനിധിക്ക് ആദരവ് അർപ്പിക്കുന്നതിനായാണ് ചടങ്ങെന്നാണ് അഴഗിരിയുടെ വിശദീകരണമെങ്കിലും ഡി എം കെ നേതൃത്വത്തിന് മുൻപിൽ തന്‍റെ ശക്തി പ്രകടപ്പിക്കുകയാണ് അഴഗിരിയുടെ ലക്ഷ്യം.
തമിഴ്നാടിന്റെ തെക്കൻ മേഖലയിൽ തനിക്കിപ്പോഴും സ്വാധീനമുണ്ടെന്നും ഇന്നത്തെ റാലിക്ക് ശേഷം കൂടുതൽ പേർ തനിക്കൊപ്പം വരുമെന്നാണ് അഴഗിരിയുടെ അവകാശവാദം. കരുണാനിധിയുടെ യഥാർത്ഥ അണികൾ തനിക്കൊപ്പമാണെന്ന് അവകാശപ്പെടുന്ന അഴഗിരി തന്നെ പാർട്ടിയിലേക്ക് തിരിച്ചെടുത്തില്ലെങ്കിൽ അത് പാർട്ടിക്ക് ദോഷം ചെയ്യുമെന്ന് പറഞ്ഞിരുന്നു.
സ്റ്റാലിനെ നേതാവായി അംഗീകരിക്കാൻ തയ്യാറാണെന്ന് അഴഗിരി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും , തിരിച്ചെടുക്കേണ്ട എന്ന നിലപാടിലാണ് ഡി എം കെ നേതൃത്വം. 2014ലാണ് സ്റ്റാലിനുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് അഴഗിരിയെ പാർട്ടിയിൽ നിന്നും പുറത്താക്കിയത്.