തിരുവനന്തപുരം: ഗൾഫ് രാജ്യങ്ങളിലെക്കുള്ള വിമാനയാത്രക്കൂലിയിൽ വൻ വർധന. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്കും ദുബായ് ഉൾപ്പെടെയുള്ള വിദേശനഗരങ്ങളിലേക്കും പത്തിരട്ടി വരെയാണു നിരക്കു കൂടിയത്. ബലി പെരുന്നാൾ, ഓണം അവധികളും നെടുമ്പാശേരി വിമാനത്താവളം അടച്ചിട്ടതും മുതലെടുത്ത് തീവെട്ടിക്കൊള്ളയാണു വിമാനക്കമ്പനികൾ നടത്തുന്നത്.
സെപ്റ്റംബർ ഒന്നിന് ഗൾഫിലെ വിദ്യാലയങ്ങൾ അവധിക്കാലം കഴിഞ്ഞു തുറക്കുന്ന അവസരം മുതലെടുത്ത് ആഗസ്ത് 25 മുതൽ സപ്തംബർ 10 വരെയുള്ള കാലയളവിലാണ് യു.എ.ഇ.യിലേക്ക് കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിൽ നിന്നും മലയാളികൾ ആശ്രയിക്കുന്ന കർണാടകയിലെ മംഗലാപുരം വിമാനത്താവളത്തിൽ നിന്നുമായി ആറു മുതൽ പത്തിരട്ടിവരെ യാത്രാനിരക്ക് വർധിപ്പിച്ചത്.
കേരളം പ്രളയക്കെടുതി നേരിടുന്ന സാഹചര്യത്തിൽ നിരക്ക് അമിതമായി വർധിപ്പിക്കരുതെന്ന് വ്യോമയാന മന്ത്രാലയത്തിന്റെ നിർദേശമുണ്ടായിരുന്നു. സർക്കാർ നിയന്ത്രണത്തിലുള്ള എയർ ഇന്ത്യയിൽ തന്നെയാണ് ഏറ്റവും ഉയർന്ന നിരക്ക്. ബെംഗളൂരുവിൽ നിന്ന് കൊച്ചി നാവിക വിമാനത്താവളത്തിലേക്ക് സർവീസ് നടത്തുന്ന അലയൻസ് എയറിൽ ബുധനാഴ്ച ടിക്കറ്റ് നിരക്ക് 6816 രൂപയാണ്. തുടർന്നുള്ള ദിവസങ്ങളിൽ 6000-9000 രൂപയും. മറ്റു വിമാന സർവീസുകളിൽ തിരുവനന്തപുരത്തു നിന്നു ബെംഗളൂരുവിലേക്കും തിരികെയുമുള്ള ഇന്നത്തേക്കുള്ള ടിക്കറ്റുകൾ 5200-11,000 നിരക്കിൽ ലഭ്യമാണ്.