പ്രളയക്കെടുതി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് സർവ്വകക്ഷിയോഗം ചേരും. വൈകീട്ട് നാല് മണിക്കാണ് യോഗം. കേരളത്തിലെ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ മന്ത്രിസഭാ യോഗവും ഇന്ന് ചേരുന്നുണ്ട്. അതേസമയം, ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർക്കായുള്ള തെരച്ചിൽ ഇന്നും തുടരും.
ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരുടെ പുനരധിവാസമാകും പ്രധാന ചർച്ചാവിഷയം. നിലവിൽ പുനരധിവാസത്തിനായി പ്രത്യേക കർമ്മ പദ്ധതികൾ സർക്കാർ തയ്യാറാക്കുന്നുണ്ട്. രാവിലെ ചേരുന്ന മന്ത്രിസഭാ യോഗവും പ്രളയദുരിതം ചർച്ച ചെയ്യും. കൂടുതൽ സഹായത്തിനായി കേന്ദ്ര സർക്കാറിന് വിശദമായ നിവേദനം സമർപ്പിക്കാനാണ് സർക്കാർ ശ്രമം.
അതേസമയം, പ്രളയക്കെടുതിയിൽ അകപ്പെട്ട് ഒറ്റപ്പെട്ട കഴിയുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ ഇന്നും തുടരും. വെള്ളക്കെട്ടിറങ്ങാത്ത സ്ഥലങ്ങളിൽ വീടുകളിൽ തുടരുന്നവർക്ക് ഭക്ഷണവും വെള്ളവും എത്തിക്കുന്നുണ്ട്. വെള്ളമിറങ്ങിയ വീടുകള്‍ വാസയോഗ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളും ഊർജിതമാണ്. വളര്‍ത്തുമൃഗങ്ങള്‍ ചത്തൊടുങ്ങിയതിനാല്‍ പകര്‍ച്ച വ്യാധിക്ക് സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിലയിരുത്തൽ.
പ്രളയക്കെടുതിയില്‍ നിന്നും കേരളം ആശ്വാസ്യകരമായ സാഹചര്യത്തിലേക്ക് നീങ്ങുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവസാനത്തെ ആളെയും രക്ഷപ്പെടുത്തിയെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കൂവെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു.
പ്രളയത്തില്‍ അകപ്പെട്ട 602 പേരെയാണ് ഇന്നലെ രക്ഷപ്പെടുത്തിയത്. ദുരിതാശ്വാസ ക്യാമ്പുകളില്‍ സംഘടനകളുടെ അപ്രമാദിത്തം അനുവദിക്കില്ലെന്നും രക്ഷാദൗത്യം വിലയിരുത്തിയുള്ള വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. പ്രളയത്തില്‍ നനഞ്ഞുപോയ നോട്ടുകള്‍ക്ക് പകരം നല്‍കാമെന്ന് റിസര്‍വ്വ് ബാങ്ക് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. വിവാഹങ്ങളില്‍ ആര്‍ഭാടം വേണ്ടെന്നുവച്ച് ആ തുക ദുരിതാശ്വാസ നിധിയിലേക് നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു