സ്വകാര്യ-സഹകരണ മേഖലയിലെ നഴ്സുമാര്‍ ഇന്ന് സംസ്ഥാന വ്യാപകമായി പണിമുടക്കും. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റ നേതൃത്വത്തിലാണ് സമരം. ചേര്‍ത്തല കെ.വി.എം. ഹോസ്പിറ്റലിലെ തൊഴിലാളികളുടെ സമരം ഒത്തുതീര്‍ക്കണമെന്നും ശമ്പള പരിഷ്‌കരണം ഉടന്‍ നടപ്പില്‍ വരുത്തണമെന്നുമാണ് നേഴ്‌സുമാരുടെ ആവശ്യം. ഇന്ന് രാവിലെ ഏഴുമുതല്‍ വെള്ളിയാഴ്ച രാവിലെ ഏഴുവരെയാണ് പണിമുടക്ക്.
ഇതേ ആവശ്യമുന്നയിച്ച് മരണംവരെ നിരാഹാരസമരം അനുഷ്ഠിക്കുന്ന യു.എന്‍.എ. സംസ്ഥാന സെക്രട്ടറി സുജനപാല്‍ അച്യുതന് ഐക്യദാര്‍ഢ്യവുമായി അരലക്ഷത്തോളം നഴ്സുമാര്‍ ഇന്ന് ചേര്‍ത്തലയിലെ സമരപന്തലിലെത്തും. ആശുപത്രികളില്‍ ആകെയുള്ളവരുടെ മൂന്നിലൊന്ന് നഴ്സുമാരേ ജോലിക്ക് കയറൂ. അതേസമയം അത്യാഹിതവിഭാഗം ഉള്‍പ്പെടെയുള്ള എമര്‍ജന്‍സി സര്‍വീസിനെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
180 ദിവസം പിന്നിട്ട കെവിഎം ആശുപത്രിയിലെ സമരം ഒത്തുതീര്‍പ്പാക്കാന്‍ മാനേജ്‌മെന്റ് തയ്യാറാകാത്ത സാഹചര്യത്തിലാണ് സമരം ശക്തമാക്കാന്‍ യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ തീരുമാനിച്ചത്. എന്നാല്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ വകവയ്ക്കാതെ നടത്തുന്ന സമരത്തില്‍ ഗൂഢാലോചനയുണ്ടെന്ന് കെ.വി.എം. ആശുപത്രി ഡയറക്ടര്‍ ഡോ. വി.വി. ഹരിദാസ് പത്രസമ്മേളനത്തില്‍ ആരോപിച്ചു. നഴ്സുമാര്‍ സമരത്തില്‍നിന്നു പിന്മാറണമെന്നു കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു. സമരത്തില്‍ പങ്കെടുക്കുന്ന നഴ്സുമാര്‍ക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും അവര്‍ അറിയിച്ചു.