കോൺഗ്രസുമായി സഖ്യമാവാമെന്ന നിലപാടിൽ ഉറച്ച് സിപിഐ കേന്ദ്ര നേതൃത്വം

ബിജെപിയെ തുരത്താൻ കോൺഗ്രസുമായി സഖ്യമാവാമെന്ന നിലപാടിൽ ഉറച്ച് സിപിഐ കേന്ദ്ര നേതൃത്വം. കോൺഗ്രസുമായി ഒരു തൊട്ടുകൂടായ്മയും ഇല്ലെന്ന് സിപിഐ ദേശീയ സെക്രട്ടറി എസ്.സുധാകർ റെഡ്ഡിയാണ് വ്യക്തമാക്കിയത്.

രാഷ്ട്രീയ തന്ത്രവും തെരഞ്ഞെടുപ്പു തന്ത്രവും രണ്ടായി കാണണമെന്നും സുധാകർ പറഞ്ഞു. സിപിഐ പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയ രേഖയുടെ കരട് റിപ്പോർട്ട് അവതരിപ്പിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കോൺഗ്രസ് ബന്ധം വേണ്ടെന്ന് സിപിഎം കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഇത് സംബന്ധിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി മുന്നോട്ട് വച്ച നിർ‌ദേശങ്ങൾ പാർട്ടി ഒന്നടങ്കം തള്ളുകയും ചെയ്തിരുന്നു.

കോൺഗ്രസ് ബാന്ധവത്തിന് മുതിരരുതെന്നും അത് പാർട്ടി നിലപാടിന് ചേർന്നതല്ലെന്നുമുള്ള പ്രകാശ് കാരാട്ടിന്‍റെ നിലപാടിനായിരുന്നു സിപിഎമ്മിൽ സ്വീകാര്യത. ഈ സാഹചര്യം നിലനിൽക്കെയാണ് കോൺഗ്രസ് സഖ്യം ആകാമെന്ന് ആവർത്തിച്ച് വ്യക്തമാക്കി സിപിഐ വീണ്ടും രംഗത്തെത്തുന്നത്. സംസ്ഥാന സാഹചര്യങ്ങൾക്ക് അനുസരിച്ച് സഖ്യങ്ങൾ രൂപീകരിക്കാമെന്നും ബിജെപിയെ തോൽപിക്കാനാണ് മുൻഗണന നൽകേണ്ടതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.