ആകാശവാണി കോഴിക്കോട് നിലയത്തില്‍ നിന്നുള്ള വാർത്താ പ്രക്ഷേപണം നിര്‍ത്തലാക്കാന്‍ നീക്കം; അവസാനിക്കുന്നത് 50 വര്‍ഷത്തെ മലബാറിന്റെ ശബ്ദം

നീണ്ട അന്‍പത് വര്‍ഷക്കാലമായി മലബാറിലെ കേള്‍വിക്കാരെ തൊട്ടുണര്‍ത്തിയ ആകാശവാണി കോഴിക്കോട് നിലയത്തില്‍ നിന്നുള്ള വാര്‍ത്താവായന നിര്‍ത്തലാക്കാന്‍ നീക്കം.സംസ്ഥാനങ്ങളില്‍ ഒരു വാര്‍ത്ത നിലയം മതിയെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് കോഴിക്കോട്ടെ പ്രാദേശിക വാര്‍ത്ത വിഭാഗത്തിന് താഴിടുന്നത്.
ആകാശവാണി കോഴിക്കോട്ടെ വാര്‍ത്ത ബുള്ളറ്റിന്‍ നിര്‍ത്തുന്നതോടെ ഒരു യുഗത്തിന് കൂടി അവസാനമാകുകയാണ്. ഇനി മുതല്‍ തിരുവന്തപുരത്ത് നിന്നുള്ള വാര്‍ത്തകളുടെ റിലേയാണ് കോഴിക്കോട് നിന്നുണ്ടാകുക.

ഒരു വര്‍ഷം മുന്‍പെടുത്ത തീരുമാനം പ്രതിഷേധത്തെ തുടര്‍ന്ന് നടപടി താല്‍കാലികമായി മരവിപ്പിച്ചിരിക്കുകയായിരുന്നു. ആകാശവാണിയുടെ വാര്‍ത്താ യൂണിറ്റുകള്‍ തലസ്ഥാന കേന്ദ്രങ്ങളില്‍ മാത്രം മതിയെന്നാണ് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ തീരുമാനം. സാമ്പത്തിക നിയന്ത്രണത്തിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാരിന്റെ തീരുമാനപ്രകാരമാണ് കോഴിക്കോട് വാര്‍ത്താവിഭാഗം നിര്‍ത്തലാക്കുന്നത്. ഇതിന്റെ ഭാഗമായി ജീവനക്കാരെ സ്ഥലംമാറ്റല്‍ പ്രക്രിയ നടക്കുകയാണ്. ഈ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധമുയരുന്നുണ്ട്.
1966ലാണ് പിന്നാക്കം നില്‍ക്കുന്ന കോഴിക്കോട്,മലപ്പുറം,വയനാട്,കാസര്‍കോട്,പാലക്കാട്,കണ്ണൂര്‍ ജില്ലകള്‍ക്ക് വേണ്ടി കോഴിക്കോട് ആകാശവാണിയില്‍ വാര്‍ത്താ പ്രക്ഷേപണം ആരംഭിച്ചത്. ലക്ഷദ്വീപ് വാര്‍ത്തകള്‍ക്കും കോഴിക്കോട് നിലയം ഏറെ പ്രാധാന്യം നല്‍കിയിരുന്നു.

© 2024 Live Kerala News. All Rights Reserved.