സ്വന്തമായി കാറുള്ളവര്‍ ഇനി മുതല്‍ പാചകവാതക സബ്‌സിഡി മറന്നേക്കൂ.സമ്പത്തിന്റെ അടിസ്ഥാനത്തില്‍ എല്‍പിജി സബ്‌സിഡി എടുത്തുകളയാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വന്തമായി കാറുള്ളവരെ സമ്പന്നരായി കണക്കാക്കി സബ്‌സിഡി ഒഴിവാക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍.
പുതിയ പദ്ധതി നടപ്പിലാക്കുന്നതിനുള്ള പ്രാരംഭ ഘട്ടത്തിലാണ് സര്‍ക്കാറെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി ഏതാനും ജില്ലകളിലെ റീജണല്‍ ട്രാന്‍സ്ഫര്‍ ഓഫീസുകളുമായി ബന്ധപ്പെട്ട് കാര്‍ രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിച്ചു തുടങ്ങി. നേരത്തെ 36 ബില്യണ്‍ വ്യാജ കണക്ഷനുകള്‍ റദ്ദാക്കിയതു വഴി 30,000 കോടി രൂപ പാചകവാതക സബ്‌സിഡി ഇനത്തില്‍ ലാഭമുണ്ടായതായി സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കാര്‍ ഉടമകളുടെ സബ്‌സിഡി എടുത്തുകളയാനുള്ള നീക്കം.
നിലവില്‍ രണ്ടും മൂന്നും കാറുകള്‍ സ്വന്തമായി ഉള്ളവര്‍ സബ്‌സിഡി ആനുകൂല്യം കൈപറ്റുന്നുണ്ട്. സമ്പന്നരെ സബ്‌സിഡിയില്‍ നിന്ന് ഒഴിവാക്കിയാല്‍ വന്‍തുക ലാഭിക്കാമെന്നാണ് സര്‍ക്കാരിന്റെ വാദം. പത്തു ലക്ഷം രൂപയില്‍ കൂടുതല്‍ വാര്‍ഷിക വരുമാനമുള്ളവരെ സബ്‌സിഡി പട്ടികയില്‍ നിന്ന് കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു.