മിശ്രവിവാഹിതരിൽ ഒരാൾ ദളിതെങ്കില്‍ സര്‍ക്കാര്‍വക രണ്ടര ലക്ഷം രൂപ

മിശ്ര വിവാഹകരിൽ ഒരാൾ ദളിത് ആണെങ്കിൽ രണ്ടര ലക്ഷം രൂപ കേന്ദ്ര സർക്കാർ സമ്മാനമായി നല്‍കും. രാജ്യത്തെമ്പാടും ദളിതർക്കെതിരെ പീഡനങ്ങളും അവഗണനയും നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാരിന്റെ ഈ പുതിയ തീരുമാനം. 2013ൽ ആരംഭിച്ചതാണ് ഈ പദ്ധതി എങ്കിലും അഞ്ചു ലക്ഷം രൂപയും അതിൽ താഴെയും വാർഷിക വരുമാനം ഉള്ളവർക്ക് മാത്രമായിരുന്നു നിലവിൽ ഈ ആനുകൂല്യം ഉണ്ടായിരുന്നത്. എന്നാൽ, ഇപ്പോൾ വരുമാനത്തിന് പരിധിയില്ല.
ഡോക്ടർ അംബേദ്ക്കർ സ്കീം ഫോർ സോഷ്യൽ ഇന്റഗ്രേഷൻ എന്ന് അറിയപ്പെടുന്ന ഈ പദ്ധതി ദമ്പതികളുടെ ആധാർ കാർഡുമായും ബാങ്ക് അക്കൗണ്ടുമായും ബന്ധിപ്പിച്ചായിരിക്കും നടപ്പാക്കുക. ഹിന്ദു ആക്ട് പ്രകാരം വിവാഹിതരായവർക്കായിരിക്കും ഈ ആനുകൂല്യം ലഭ്യമാകുക. വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനകം അപേക്ഷിക്കേണ്ടതാണ്.
ആദ്യ വിവാഹത്തിന് മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളു. പല സംസ്ഥാനങ്ങളിലും വരുമാന മാനദണ്ഡം ഇല്ലാതെ തന്നെ ഈ ആനുകൂല്യം നൽകി വരുന്നുണ്ട്. അതിന്നാലാണ് കേന്ദ്ര സർക്കാരും ഈ തീരുമാനത്തിന് മുതിരുന്നതെന്നു കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ എത്ര പേർക്ക് ഈ ആനുകൂല്യം ലഭ്യമാകും എന്നതിൽ വ്യക്തത വന്നിട്ടില്ല.

© 2024 Live Kerala News. All Rights Reserved.