നടിയെ ആക്രമിച്ച കേസ്; ദിലീപിന് കോടതിയുടെ സമന്‍സ്; 19 ന് നേരിട്ട് ഹാജരാകണം

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് കോടതിയുടെ സമന്‍സ്. കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ ഈ മാസം 19ന് ദിലീപ് നേരിട്ട് ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടു. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് ദിലീപിനോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ ഗൂഢാലോചന കുറ്റം ചുമത്തിയുള്ള കുറ്റപത്രം പൊലീസ് സമര്‍പ്പിച്ചത്. ദിലീപിനെ എട്ടാം പ്രതിയാക്കിയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കേസില്‍ ആകെ 11 പ്രതികളാണുള്ളത്. എല്ലാ പ്രതികളോടും ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ദിലീപിനെ കൂടാതെ സുനിക്കും അപ്പു മേസ്തിരിക്കും കോടതി സമന്‍സ് അയച്ചിട്ടുണ്ട്.
85 ദിവസത്തെ ജയില്‍വാസത്തിന് ശേഷമായിരുന്നു ദിലീപ് പുറത്തിറങ്ങിയത്. ദിലീപ്-നാദിര്‍ഷാ കൂട്ടുകെട്ടിലുള്ള ദേ പുട്ടിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ദിലീപ് കഴിഞ്ഞ ദിവസം ദുബായിക്ക് പോയിരുന്നു.
മൂന്നു ദിവസത്തെ ദുബായ് സന്ദര്‍ശം കഴിഞ്ഞ് മടങ്ങി എത്തിയതിന് പിന്നാലെയാണ് ഇപ്പോള്‍ കേസില്‍ നേരിട്ട് ഹാജരാകാന്‍ സമന്‍സ് ലഭിച്ചിരിക്കുന്നത്.

© 2025 Live Kerala News. All Rights Reserved.