പുരൈട്ചി തലൈവി ഇല്ലാതെ ഒരാണ്ട്; ജയലളിതയുടെ വിയോഗത്തിന് ഇന്ന് ഒരു വര്‍ഷം

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വിയോഗത്തിന് ഇന്ന് ഒരു വര്‍ഷം പൂര്‍ത്തിയായി. വിയോഗത്തിന് ശേഷം ദ്രാവിഡ രാഷ്ട്രീയത്തിലുണ്ടായത് വന്‍ സംഭവങ്ങളാണ്. ഭരണപരമായി വീഴ്ചകള്‍ ഏറെയുണ്ടായിട്ടുണ്ട് ജയലളിതയില്ലാത്ത തമിഴ്‌നാടിന്. അണ്ണാ ഡി.എം.കെ എന്ന പാര്‍ട്ടിയും ജനങ്ങളില്‍ നിന്നകന്നു. മറീന ബീച്ചിലെ ജയ സമാധിയിലടക്കം ഇന്ന് അനുശോചന യോഗങ്ങള്‍ നടക്കും.
2016 ഡിസംബര്‍ അഞ്ചിന് രാത്രി പതിനൊന്നരയ്ക്ക് ജയലളിതയുടെ മരണം സ്ഥിരീകരിക്കുമ്പോള്‍ ദുഖം താങ്ങാനാവാതെ പൊട്ടിക്കരഞ്ഞവര്‍ ഏറെ. അണ്ണാ ഡി.എം.കെ.എന്ന പാര്‍ട്ടിയെയും സര്‍ക്കാരിനെയും ഏകാധിപത്യ സ്വഭാവത്തോടെ നയിച്ച ഭരണാധികാരിയായിരുന്നു ജയലളിത. എന്നാല്‍ മരണശേഷം തമിഴ്‌നാട്ടില്‍ രാഷ്ട്രീയപരമായും ഭരണപരമായും വലിയ മാറ്റങ്ങള്‍ സംഭവിച്ചു. അണ്ണാ ഡി.എം.കെ എന്ന അവരുടെ പാര്‍ട്ടിയില്‍ ചേരിതിരിവുകളും പൊട്ടിത്തെറികളും ഉണ്ടായി. തോഴിയായി നിന്ന ശശികല ആദ്യം പാര്‍ട്ടിയുടെ തലപ്പത്തേക്കും പിന്നീട് ജയിലിലേക്കും എത്തി. വിശ്വസ്തരായിരുന്ന പനീര്‍സെല്‍വവും പളനിസാമിയും തെറ്റിപ്പിരിയുകയും പിന്നീട് ഒന്നിക്കുകയും ചെയ്തു. അകറ്റിനിര്‍ത്തിയിരുന്ന ടി.ടി.വി.ദിനകരന്‍ പാര്‍ട്ടി പിടിക്കാനുള്ള ശ്രമത്തിലാണ്. മക്കള്‍വാദവുമായും ചിലരെത്തി. ജയലളിതയുള്ളപ്പോള്‍ സര്‍ക്കാരിനെതിരെ മിണ്ടാന്‍പോലും പലര്‍ക്കും ഭയമായിരുന്നു.
എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ അഴിമതിയാരോപണങ്ങളും പരിഹാസങ്ങളുമായി നിരവധിപേര്‍ രംഗത്തെത്തി. കൂടംകുളം ആണവ വിരുദ്ധ സമരമായിരുന്നു ജയലളിതയുടെ ഭരണകാലത്ത് നടന്ന ശ്രദ്ധേയമായ സമരം. എന്നാല്‍ പുരട്ചിതലൈവിയില്ലാത്ത തമിഴ്‌നാട്ടിലിപ്പോള്‍ സമരങ്ങളില്ലാത്ത ദിനങ്ങളില്ല. കേന്ദ്രസര്‍ക്കാരും ബി.ജെ.പി.യും മുഖ്യമന്ത്രിയേയും സര്‍ക്കാരിനെയും നിയന്ത്രിക്കുന്നെന്ന വിമര്‍ശനമുയര്‍ന്നു. ഇരുപത് വര്‍ഷത്തിന് ശേഷം പോയസ് ഗാര്‍ഡനിലെ ജയലളിതയുടെ വസതിയായ വേദനിലയത്തില്‍ റെയ്ഡ് വരെ നടന്നു.

© 2024 Live Kerala News. All Rights Reserved.