സന്നദ്ധതയറിയിച്ച് കേന്ദ്രം; ജിഷ്ണു കേസ് സിബിഐ അന്വേഷിക്കും, കടുത്ത വിമർശനവുമായി സുപ്രീം കോടതി

ജിഷ്ണു പ്രണോയ് കേസ് ഏറ്റെടുക്കില്ലെന്ന മുൻ നിലപാട് തിരുത്തി സിബിഐ സുപ്രീം കോടതിയിൽ. കേസ് സിബിഐ തന്നെ അന്വേഷിക്കാൻ സുപ്രീം കോടതി ഉത്തരവ്. ഏറെ വിവാദങ്ങൾ സൃഷ്ടിച്ച നെഹ്റു കോളജ് വിദ്യാർഥി ജിഷ്‌ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐ അന്വേഷിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. ജിഷ്‌ണുവിന്റെ മരണം സംബന്ധിച്ച കേസ് സിബിഐ അന്വേഷിക്കണമെന്ന സംസ്‌ഥാന സർക്കാരിന്റെ ആവശ്യത്തെക്കുറിച്ചു കേന്ദ്രം നിലപാടു വ്യക്‌തമാക്കണമെന്നു നവംബറിൽ സുപ്രീം കോടതി നിർദേശിച്ചിരുന്നു. അന്വേഷണം ഏറ്റെടുക്കാന്‍ സന്നദ്ധരാണെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ ആവശ്യം മാനിച്ചാണ് തീരുമാനമെടുത്തതെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. അതേസമയം, കേസ് ഏറ്റെടുക്കാതെ സിബിഐ അഞ്ചുമാസത്തോളം പാഴാക്കിയെന്നും അന്വേഷണം വൈകിപ്പിക്കുന്നത് തെളിവുകൾ ഇല്ലാതാക്കുകയില്ലേയെന്നും കോടതി വിമർശിച്ചു. പ്രതികളുടെ ജാമ്യം റദ്ദാക്കണമെങ്കില്‍ സിബിഐക്ക് ഹൈക്കോടതിയെ സമീപിക്കാം. ഇത്തരം കേസുകള്‍ സിബിഐ ഉടന്‍ ഏറ്റെടുക്കേണ്ടതാണെന്നും കോടതി ചൂണ്ടിക്കാട്ടി. രണ്ടാം പ്രതിയായ നെഹ്‌റു കോളജ് വൈസ് പ്രിൻസിപ്പൽ എൻ.കെ. ശക്‌തിവേലിനു ജാമ്യം നൽകിയതു ചോദ്യം ചെയ്‌തുള്ള സംസ്‌ഥാന സർക്കാരിന്റെ ഹർജിയും സിബിഐ അന്വേഷണം വേണമെന്ന ജിഷ്‌ണുവിന്റെ അമ്മ കെ.പി. മഹിജയുടെ അപേക്ഷയുമാണു കോടതി പരിഗണിച്ചത്. കോടതിയിൽ വിശ്വാസമുള്ളതായും തീരുമാനത്തിൽ സന്തോഷമുണ്ടെന്നും ജിഷ്ണുവിന്റെ അച്ഛൻ അശോകൻ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.